കോഴിക്കോട് യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ സര്‍ക്കാരിന് വിദഗ്ധ സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേതല്ലെന്ന് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ യുവതിയുടെ ശസ്ത്രക്രിയ നടത്തിയത് 2017ലായിരുന്നു.
കത്രിക കണ്ടെത്തിയത് താമരശ്ശേരി സ്വദേശിയായ ഹര്‍ഷീന അഷ്റഫ് എന്ന യുവതിയുടെ വയറ്റിലാണ്. അഞ്ച് വര്‍ഷമായി ശസ്ത്രക്രിയ ഉപകരണം യുവതിയുടെ വയറ്റിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക ഉളളതായി കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍സ്ട്രുമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ പരിശോധന നടത്തിയിരുന്നെങ്കിലും കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്താനായി കഴിഞ്ഞില്ല. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടക്കുന്നതിന് മുമ്പ് 2012ലും 2016ലും താമരശ്ശേരിയിലും ശസ്ത്രക്രിയ നടന്നിരുന്നു. ആ സമയത്ത് ഇന്‍സ്ട്രുമെന്റല്‍ രജിസ്റ്റര്‍ ഇല്ലാതിരുന്നതിനാല്‍ കത്രിക എവിടെത്തെയാണെന്ന് കണ്ടത്താന്‍ മെഡിക്കല്‍ സംഘത്തിന് കഴിഞ്ഞില്ല. ഫോറന്‍സിക് പരിശോധനയും കത്രികയുടെ കാലപ്പഴക്കം കണ്ടെത്താനായി നടത്തിയിരുന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് യുവതി നല്കിയ പരാതിയെ തുടര്‍ന്ന് രണ്ട് സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണ് കത്രികയെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആദ്യ അന്വേഷണത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. അന്വേഷണ സംഘത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനക്കോളജി ഡോക്്ടര്‍മാര്‍
ഉള്‍പ്പെട്ടതാണ്.






