
ജനീവ: ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയ ആള്‍ദൈവം നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധി യുഎന്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 24 ന് ജനീവയില്‍ നടന്ന യുനൈറ്റഡ് നേഷന്‍സ് കമ്മറ്റി ഓണ്‍ ഇക്കണോമിക്, സോഷ്യല്‍ ആന്റ് കള്‍ചറല്‍ റൈറ്റ്സിന്റെ ചര്‍ച്ചയിലാണ് നിത്യാനന്ദയുടെ പ്രതിനിധിയും പങ്കെടുത്തത്.
സാരിവേഷത്തില്‍ തലക്കെട്ടും ആഭരണവും ധരിച്ച സ്ത്രീയായിരുന്നു പങ്കെടുത്തത്. യുഎസ്കെ യുഎന്‍ ജനീവയില്‍ എന്നും സുസ്ഥിരതയുടെ നേട്ടമെന്നും തന്റെ പ്രതിനിധിയുടെ ചിത്രത്തോടൊപ്പം നിത്യാനന്ദ ട്വീറ്റ് ചെയ്തു.
അതേസമയം 193 രാജ്യങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള യുഎന്‍ പട്ടികയില്‍ നിത്യാനന്ദയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയെ രാജ്യമായി അംഗീകരിച്ചിട്ടില്ല. 2020 ലാണ് ഇക്വഡോറിന് സമീപമുള്ള ഒരു ദ്വീപ് വാങ്ങി നിത്യാനന്ദ സ്വന്തം രാജ്യമാണെന്ന് അവകാശപ്പെട്ടത്. തന്റെ രാജ്യത്തിന് കൊടി, ഭരണഘടന, സാമ്പത്തീക സംവിധാനം, പാസ്പോര്‍ട്ട്, ചിഹ്നം എന്നിവയെല്ലാം പ്രഖ്യാപിച്ചു.
നല്കിയ സമയത്ത് രണ്ടു പ്രതിനിധികള്‍ യുഎസ്കെ യ്ക്ക് വേണ്ടി സംസാരിക്കുകയും ചെയ്തതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം യുഎന്നിന്റെ ചര്‍ച്ചയില്‍ യുഎസ്കെ എങ്ങിനെ പ്രതിനിധികളെ പങ്കെടുപ്പിച്ചു എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ബാല ചൂഷണത്തിനും ബലാത്സംഗത്തിനും കേസെടുത്തതിനെ തുടര്‍ന്ന് 2019 ല്‍ ഇന്ത്യയില്‍ നിന്നും മുങ്ങിയ ആളാണ് നിത്യാനന്ദ.






