
ബെന്യാമിന്റെ ജനശ്രദ്ധയാകര്‍ഷിച്ച നോവലാണ് ‘ആടുജീവിതം’. ആ നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന സിനിമയില്‍ നായകവേഷത്തിലെത്തുന്നത് പൃഥ്വിരാജാണ്. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ഈ ചിത്രം പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതി കൂടിയാണിത്. കഴിഞ്ഞ ജൂലൈ 14ന് നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണത്തിന് സമാപിച്ച സിനിമ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഘട്ടങ്ങളെക്കുറിച്ചും സിനിമ സംവിധാനം ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ബ്ലെസി. ആടുജീവിതത്തിന്റെ പൂജ വിഡിയോയും ബ്ലെസി പങ്കുവച്ചു. ‘‘നീണ്ടു വിരിഞ്ഞു കിടക്കുന്ന മരുഭൂമി. അതിങ്ങനെ നീണ്ടു നീണ്ട് അങ്ങ് ചക്രവാളത്തില്‍ ചെന്നു തൊടും. മരത്തിന്റെ ഒരു നിഴല്‍ പോലുമില്ല ആ കാഴ്ചയെ തടുക്കാന്‍. ഒരു വശത്തു മാത്രം അല്പം വലിയൊരു കുന്നുണ്ട്. ബാക്കിയെല്ലാം രണ്ടാള് മൂന്നാള് പൊക്കമുള്ള മണ് കൂനകള്‍ മാത്രം. അത് ഭൂമിയുടെ പരപ്പിനെ നേര്‍പ്രതലം അല്ലാതാക്കുന്നു... ആടുജീവിതം എന്ന നോവല്‍ എനിക്ക് പരിചയപ്പെടുത്തിത്തന്നത് എഴുത്തുകാരനായ ശ്രീ രവിവര്‍മ്മ തമ്പുരാനാണ്...’’ ഇങ്ങനെ നീളുന്നു ബ്ലെസിയുടെ വാക്കുകള്‍. ഒപ്പം ചിത്രത്തിന്റെ പൂജ ചടങ്ങും സംവിധായകന് പങ്കുവയ്ക്കുന്നു.
2018 മാർച്ചിലാണ് ബ്ലെസിയുടെ സംവിധാനത്തില്‍ ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പത്തനംതിട്ടയിലായിരുന്നു തുടക്കവും. പിന്നീട് പാലക്കാട്ട് കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ഷൂട്ടിങ് മാറ്റിവച്ചു. അതിനു ശേഷം 2020 ലാണ് ജോര്‍ദ്ദാനിലെത്തി, അത്തവണ അള്‍ജീരിയ ഷെഡ്യൂള്‍ കൂടി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോർദാനില്‍ കുടുങ്ങി കിടക്കേണ്ടിവന്നു. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങൾ ജോർദാനിൽ ചിത്രീകരിച്ചിരുന്നു. പിന്നീട് ഒരു വർഷം കോവിഡ് കാരണം ഷൂട്ടിങ് നടന്നില്ല. 2022ല്‍ സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് നിര്‍ത്തിവച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്. ജൂൺ പതിനാറിന് പൃഥ്വി തിരികെ നാട്ടിലെത്തി.
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു.
‘‘ശരീരത്തിന് മാറ്റം വേണമെന്ന് ആടുജീവിതം എന്ന സിനിമ 2008 ല്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍ ചെയ്തു. അതുപോലെ ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം, എന്റെ ശരീരത്തെ വീണ്ടും അത് പോലെയാക്കുക എന്നത് അസാധ്യമാണ്. ആടുജീവിതത്തിലെ യഥാർഥ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല. അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ സ്റ്റില്‍സോ പുറത്ത് വന്നിട്ടില്ല. ആടുജീവിതത്തിനു ശേഷം ജോര്‍ദാനില്‍നിന്ന് തിരിച്ച് വന്നപ്പോള്‍ ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥ കഴിഞ്ഞിരുന്നു. അവിടെ ഷൂട്ടിങ് മുടങ്ങി അകപ്പെട്ടുപോയതിനു ശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് നിങ്ങള്‍ കണ്ടത്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവും.’’
പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന് രഞ്ജിത്ത് അമ്പാടിയാണ്.





