
ന്യുഡല്‍ഹി: തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പങ്കാളിത്തത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേക്ക്. ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയ ത്രിപുരയില്‍ ബിജെപി ഇത്തവണ വനിത മുഖ്യമന്ത്രിയെ രംഗത്തിറക്കും. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് മുഖ്യമന്ത്രിയാകുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.
നിലവില്‍ മുഖ്യമന്ത്രിയായിരുന്ന മണിക് സാഹ ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം എട്ടിന് നടക്കുമെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട്.
മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ എന്‍പിപിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ഇതിനകം പിന്തുണ അറിയിച്ചുകഴിഞ്ഞു. തനിക്ക് നിയമസഭയില്‍ 34 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്ന് എന്‍പിപി നേതാവ് കൊണ്‍റാഡ് സാംഗ്മ ഗവര്‍ണറെ അറിയിച്ചു. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കുമെന്നാണ് സാംഗ്മയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
നാഗാലാന്‍ഡില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള എന്‍ഡിപിപി- ബിജെപി സഖ്യവും ഉടന്‍ അധികാരത്തിലെത്തും. കേന്ദ്ര ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ മൂന്നു സംസ്ഥാനങ്ങളിലും സജീവമായി നടക്കുകയാണ്.






