
ഷില്ലോംഗ്: തെരഞ്ഞെടുപ്പിന് പിന്നാലെ മേഘാലയയില്‍ ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ കോണ്‍റാഡ് സാംഗ്മയുടെ നീക്കം ത്രിശങ്കുവില്‍. സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്കിയ ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്എസ് പിഡിപി) യുടെ അപ്രതീക്ഷിത പിന്മാറ്റം നേരിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.
എച്ച്എസ് പിഡിപിയുടെ രണ്ടുപേര്‍ ഉള്‍പ്പെടെ 32 എംഎല്‍എ മാരുടെ പട്ടികയാണ് തനിക്ക് പിന്തുണ നല്‍കുന്നതായി കാണിച്ച് സാംഗ്മ വെള്ളിയാഴ്ച രാവിലെ ഗവര്‍ണര്‍ക്ക് കൈമാറിയത്. എന്നാല്‍ പിന്തുണ പ്രഖ്യാപിക്കാന്‍ രണ്ട് എംഎല്‍എമാര്‍ക്കും പാര്‍ട്ടി ഔദ്യോഗികമായി അനുവാദം നല്‍കിയിട്ടില്ലെന്ന് കാണിച്ച് വെള്ളിയാഴ്ച വൈകിട്ട് എച്ച്എസ്പിഡിപി പ്രസ്താവന ഇറക്കിയത് എന്‍പിപിയെ സമ്മര്ദ്ദത്തിലാക്കിയിട്ടുണ്.
പാര്‍ട്ടിയ്ക്ക് ഈ ബാന്ധവത്തില്‍ ഒരു റോളും ഇല്ലെന്നും അതുകൊണ്ടു തന്നെ നിങ്ങളുടെ പാര്‍ട്ടിയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രസ്താവനയില്‍ എച്ച്എസ് പിഡിപി പ്രസിഡന്റ് കെ.പി. പാംഗ്നിയാംഗ് വ്യക്തമാക്കി. എന്നാല്‍ കോണ്‍റാഡ് സാംഗ്മ ഇതിനോട് പ്രതികരിച്ചിട്ടില്ല. എച്ച്എസ് പിഡിപിയുടെ രണ്ട് എംഎല്‍എ മാര്‍ മാറി നിന്നാല്‍ എന്‍പിപിയ്ക്ക് സര്‍ക്കാരുണ്ടാക്കുന്ന കാര്യം തിരിച്ചടി നേരിടും.
60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 59 എണ്ണത്തിലാണ് ഫലം പുറത്തുവന്നത്. ഒരിടത്ത് സ്ഥാനാര്‍ത്ഥി മരണപ്പെട്ടതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. സര്‍ക്കാരുണ്ടാക്കാന്‍ 31 സീറ്റുകളാണ് വേണ്ടത്. എന്‍പിപിയ്ക്ക് 26 സീറ്റുകളുണ്ട്. ഇവരെ പിന്തുണയ്ക്കുന്ന ബിജെപിയ്ക്ക് രണ്ടും സീറ്റുകളുണ്ട്. ബാഗ്മാരയില് ജയിച്ച സ്വതന്ത്രന് കര്ത്തൂഷ് ആര് മാരാകും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടയില്‍ ബിജെപി വിരുദ്ധ, എന്‍പിപി വിരുദ്ധ സഖ്യം ഉണ്ടാക്കുന്നതിന് യുണൈറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടിയുമായും മറ്റു ചെറുകിട പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുകുള്‍ സാംഗ്മ രംഗത്ത് വന്നു. 11 സീറ്റുകള്‍ നേടി രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി യുഡിപി വിജയിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും അഞ്ചു സീറ്റുകള്‍ വീതവും പുതിയതായി രംഗത്ത് വന്ന വോയ്സ് ഓഫ് പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് നാലും സീറ്റും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ രണ്ടു സീറ്റും ചേരും. ഈ പാര്‍ട്ടികളും എച്ച്എസ്പിഡിപി നേതാക്കളുമെല്ലാം വെള്ളിയാഴ്ച യുഡിപി നേതാവ് ലാഖ്മാന്‍ റുംബോയിയുടെ വീട്ടില്‍ യോഗം ചേരുകയും ചെയ്തിരുന്നു.
എന്‍പിപി വിരുദ്ധ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആവശ്യമായ എണ്ണം തന്റെകയ്യിലും ഉണ്ടെന്നാണ് മുകള്‍ ഷില്ലോംഗില്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം എച്ച്എസ്പിഡിപിയുടേയും സ്വതന്ത്ര എംഎല്‍എമാരുടേയും പിന്തുണ കൂടി കാണിച്ചാണ് 32 എംഎല്‍എമാര്‍ ഒപ്പിട്ടിരിക്കുന്ന കത്ത് കോണ്‍റാഡ് ഗവര്‍ണര്‍ ഫാഗു ചൗഹാന് നല്‍കിയിരിക്കുന്നത്.






