
ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരാളെ കൂടി അറസ്റ്റു ചെയ്തു. ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള ബിസിനസുകാരനും മലയാളിയുമായ അരുണ്‍ രാമചന്ദ്രപിള്ളയാണ് അറസ്റ്റിലായത്. യു.കെ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ട് മൂന്‍പ് പ്രവര്‍ത്തിച്ചിരുന്നയാളാണ് അരുണ്‍.
കേസിലെ മറ്റൊരു പ്രതിയായ സമീര്‍ മഹേന്ദ്രുവില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നത് അരുണ്‍ ആണെന്ന് ഇ.ഡി പറയുന്നു. ഇത് മറ്റ് പ്രതികള്‍ക്ക് കൈമാറുകയായിരുന്നു. ഇന്‍ഡോ സ്പിരിറ്റിന്റെ എംഡിയാണ് സമീര്‍. അരുണിന്റെ ആസ്തികളും ഇതിനകം ഇ.ഡി കണ്ടുകെട്ടി. വട്ടിനഗുളപള്ളിയിലെ 2.2 കോടി വിലമതിക്കുന്ന ആസ്തിയാണ് കണ്ടുകെട്ടിയത്.
2021-22 വര്‍ഷത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച എക്സൈസ് നയത്തില്‍ അഴിമതിയും ഗൂഢാലോചനയും നടന്നുവെന്നും അതുവഴി 2,873 കോടി രൂപ ഖജനാവിന് നഷ്ടപ്പെട്ടുവെന്നുമാണ് കേസ്. ദക്ഷിണേന്ത്യയിലെ മദ്യവ്യവസായികളുമായി അടുത്ത ബന്ധമുളള അരുണ്‍, ഇന്‍ഡോസ്പിരിറ്റിന്റെ 32.5% ഓഹരികള്‍ വാങ്ങിയെന്നും അതുവഴി ഇന്ഡോസ്പിരിറ്റിന് 68 കോടി രുപ അറ്റലാഭം ലഭിച്ചുവെന്നുമാണ് ഇ.ഡി കണ്ടെത്തല്‍. ഈ തുകയില്‍ 29 കോടി രൂപ അരുണ്പിള്ളയുടെയും ബന്ധുക്കളുടെയൂം അക്കൗണ്ടില്‍ എത്തി. അരുണ്പിള്ളയുടെ ഓഹരിയില്‍ ലാഭത്തിന്റെ 61% ആയ 3.4 കോടി രൂപ ലഭിച്ചു. ദക്ഷിണേന്ത്യയിലെ മദ്യ കമ്പനികളില്‍ നിന്നും 25 കോടി രുപ അഡ്വാന്‍സ് ആയി കൈപ്പറ്റുകയും ചെയ്തുവെന്ന് ഇ.ഡി പറയുന്നു.
അതിനിടെ, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇ.ഡി സംഘം തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്യുകയാണ്. ഫെ്രബുവരി 26ന് സിബിഐ അറസ്റ്റു ചെയ്ത ഇദ്ദേഹത്തെ രണ്ടു തവണ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ മാര്‍ച്ച് 20 വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.






