
കണ്ണൂര്‍ : സ്വര്‍ണ്ണകടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ഇന്നലെ ഫെയ്സ്ബുക്ക് ലൈവിലൂടെ നടത്തിയ വെളിപ്പെടുത്തലിനെ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ പുതിയ ലേബലില്‍ എന്ന തലകെട്ടോടെ ഫെയ്സ്ബുക്കിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം. സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമേ ഉണ്ടായിരുന്നുളളൂ എന്നത് ഉപദേശകര്‍ പോലും കരുതി കാണില്ലെന്നും എം വി ജയരാജന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സോഷ്യല്‍മീഡിയയിലെ ലൈവ് ആയതിനാല്‍ റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യമൊന്നും ഉണ്ടാകില്ല. ലൈവ് എകുക്കാന് മാധ്യമങ്ങള്‍ സമയം പാഴാക്കാതെ ഓടിയെന്നും. ശേഷം പതിവ് കലാപരിപാടികളായ ബിജെപി കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളും എത്തിയെന്നും. അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു. മണിക്കൂറുകള്‍ക്കകം ആരോപണ വിധേയന് തന്നെ പ്രതികരണവുമായി എത്തുകയും ഗോവിന്ദന് മാസ്റ്ററെ ചാനലില്‍ കണ്ട പരിചയം മാത്രമേ ഒള്ളുവെന്നും വ്യക്തമാക്കിയെന്നും ജയരാജന്.
പച്ചക്കള്ളം ലൈവ് ആയി നിലനിര്‍ത്താന്‍ ഒരു ക്രിമിനല്‍ കേസ് പ്രതിയും കൂട്ടുപ്രതികളായ പ്രതിപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പാടുപെടുകയായിരുന്നു പീന്നീടുള്ള മണിക്കൂറുകളില്‍! അനുബന്ധ വാര്‍ത്തകളുടെ കുത്തൊഴുക്കായിരുന്നു പിന്നീടങ്ങോട്ട് ചാനലുകളില്‍. ഓണ്‍ലൈന്‍ മീഡിയകളും മത്സരിച്ചപ്പോള്‍ ന്യൂസ്ഫീഡുകളില്‍ കള്ളങ്ങള്‍ മാത്രം നിറഞ്ഞു എന്നും ജയരാജന് കുറ്റപ്പെടുത്തി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇക്കൂട്ടര്‍ക്ക് വാലുംചുരുട്ടി ഓടേണ്ടിവന്നു! റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പടം പൊളിഞ്ഞുപോയെന്നും പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പഴയവീഞ്ഞ് പഴയ കുപ്പിയില്‍ പുതിയ ലേബലോടെ! സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ ചാനല്‍ വെളിപ്പെടുത്തല്‍ കാലഘട്ടം അവസാനിച്ചപ്പോള്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ വെളിപ്പെടുത്തല്‍. അതാണ് 30 കോടിയുടെ കഥ. പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ പുതിയലേബലോടെ മാര്‍ക്കറ്റില്‍ ഇറക്കിയ പ്രതിയുടെ ചരിതത്തിന് ആയുസ്സുകള്‍ മണിക്കൂറുകള്‍ മാത്രം. സത്യത്തിന്റെ കണികപോലും ഇല്ലാത്ത കള്ളക്കഥ തയ്യാറാക്കിയ പ്രതിയോ പ്രതിയുടെ ഉപദേശകരോ ഇത്ര പെട്ടെന്ന് ഇത് അവസാനിക്കുമെന്ന് കരുതിക്കാണില്ല.
''മൂന്നുദിവസം മുമ്പ് ബാംഗ്ലൂരിലെ ഒരു ഹോട്ടലില്‍ വെച്ച് വിജയ്പിള്ള എന്നയാളുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ സംസാരിക്കുന്നത് നിര്‍ത്തണമെന്നും അങ്ങനെ ചെയ്താല്‍ 30 കോടി രൂപ പ്രതിഫലം തരാമെന്നും യു.കെ.യിലേക്കോ മലേഷ്യയിലേക്കോ പോകാന്‍ വിസ നല്‍കാമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ദൂതനാണ് താനെന്നും വിജയ്പിള്ള പറഞ്ഞുവെന്നാണ് പ്രതി ലൈവില്‍ പറഞ്ഞത്. സോഷ്യല്‍മീഡിയ ലൈവ് ആകുമ്പോള്‍ റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യമൊന്നും ഉണ്ടാവില്ലല്ലോ. ചാനലുകള്‍ ഉടന്‍ സമയം പാഴാക്കാതെ നെട്ടോട്ടമോടി. പതിവ് കലാപരിപാടികളായ ബിജെപി കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളും ചാനല്‍ ചര്‍ച്ചയുമുണ്ടായി. എന്നാല്‍ ആരോപണവിധേയന്റെ പ്രതികരണം മണിക്കൂറുകള്‍ക്കകം വന്നു. താനങ്ങനെ പറഞ്ഞിട്ടില്ലെന്നും എം.വി. ഗോവിന്ദന് മാസ്റ്ററെ ചാനലിലും പത്രത്തിലും കണ്ട പരിചയം മാത്രമേ ഉള്ളൂവെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതിയെ കണ്ടത് വെബ്സീരീസുമായി ബന്ധപ്പെട്ട കാര്യത്തിനായിരുന്നു എന്നുമായിരുന്നു അത്.
ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കര്‍ണ്ണാടക ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും മറ്റും ഇ മെയിലായി പരാതി അയച്ചിരുന്നു. പ്രസ്തുത പരാതിയില്‍ ലൈവ് ആരോപണത്തില്‍ ഉന്നയിച്ചതുപോലെ തന്നെ സമീപിച്ചയാളുടെ പേര് വിജയ്പിള്ള എന്നാണ് പറഞ്ഞിരുന്നത്. ജന്മഭൂമിയും മാതൃഭൂമിയും പക്ഷേ തിരക്കഥയ്ക്കനുസരിച്ച് പേര് തിരുത്തി രംഗത്ത് വന്നു. വിജേഷ് പിള്ള എന്നാക്കി തിരുത്തിയാണ് അവര്‍ വാര്‍ത്തകൊടുത്തത്. സ്വപ്നയ്ക്ക് നാക്കുപിഴച്ചതാണെന്ന് മിനുട്ടുകള്‍ക്കകം ഒക്കച്ചങ്ങായിമാര്ക്ക് മനസ്സിലായി! വാര്ത്താസമ്മേളനമായിരുന്നെങ്കില് പ്രതിയുടെ നാവിലൂടെ തന്നെ അത് തിരുത്തിപ്പറയിപ്പിക്കാമായിരുന്നു. പക്ഷേ ഫേസ്ബുക്ക് ലൈവ് ആയതിനാല്‍ അത് നടന്നില്ല. പച്ചക്കള്ളം ലൈവ് ആയി നിലനിര്‍ത്താന്‍ ഒരു ക്രിമിനല്‍ കേസ് പ്രതിയും കൂട്ടുപ്രതികളായ പ്രതിപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പാടുപെടുകയായിരുന്നു പീന്നീടുള്ള മണിക്കൂറുകളില്‍! അനുബന്ധ വാര്‍ത്തകളുടെ കുത്തൊഴുക്കായിരുന്നു പിന്നീടങ്ങോട്ട് ചാനലുകളില്‍. ഓണ്‍ലൈന്‍ മീഡിയകളും മത്സരിച്ചപ്പോള്‍ ന്യൂസ്ഫീഡുകളില്‍ കള്ളങ്ങള്‍ മാത്രം നിറഞ്ഞു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇക്കൂട്ടര്‍ക്ക് വാലുംചുരുട്ടി ഓടേണ്ടിവന്നു! റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പടം പൊളിഞ്ഞുപോയി. വാര്‍ത്തകള്‍ ഇനിയും വരാം. ഈ പ്രക്രിയകളൊക്കെ ആവര്‍ത്തിക്കുകയും ചെയ്യും. അപ്പോഴും മാധ്യമധര്‍മ്മത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ നമുക്ക് വാതോരാതെ സംസാരിക്കാം.






