
കൊച്ചി: ഗുരുവായൂര്‍ സര്‍ഗോത്സവത്തില്‍ അവതരിപ്പിച്ച 'കക്കുകളി'യെന്ന നാടകത്തിനെതിരെ കേരള കത്തോലിക്കാ മെത്രാന് സമിതിയും (കെ.സി.ബി.സി). സാംസ്കാരിക കേരളത്തിന് നാടകാവതരണം അപമാനകരമാണെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിമര്‍ശിച്ചു. നാടകത്തിന്റെ അവതരണത്തില്‍ കെസിബിസി അപലപിച്ചു.
നാടകത്തിനും സാഹിത്യരചനകള്‍ക്കു എക്കാലവും വ്യക്തമായ സാമുഹിക പ്രസക്തിയുണ്ട്. തിരുത്തലുകള്‍ക്കും പരിവര്ത്തനങ്ങള്ക്കൂം സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കിയ ചരിത്രവും അവയ്ക്കുണ്ട്. എന്നാല്‍ ആ ചരിത്രത്തെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അത്യന്തം അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിര്‍മ്മിക്കുന്നതുമായ സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കപ്പെടാനാവില്ല.
കേരളത്തില്‍ അതുല്യമായ സേവന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും പതിനായിരക്കണക്കിന് സന്യാസിമാരുടെയും ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും വിലപറയുന്ന കക്കുകളി എന്ന നാടകത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അന്തര്‍ദേശീയ നാടക മേളയില്‍ ഉള്‍പ്പെടെ സ്ഥാനം ലഭിച്ചതും കമ്യൂണിസ്റ്റ് സംഘടനകള്‍ പ്രസ്തുക നടകത്തിന് വലിയ പ്രചാരം നല്കിക്കൊണ്ടിരിക്കുന്നതും അത്യന്തം അപലപനീയമാണ്. ഒരു കഥാകാരന്റെ ഭാവനാ സൃഷ്ടിയില്‍ വികലവും വസ്തുതാവിരുദ്ധവുമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി, കത്തോലിക്കാ സന്യാസത്തിനെതിരെ ഈ കാലഘട്ടത്തില്‍ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ ദുഷ്പ്രചാരണങ്ങള്‍ ഏറ്റുപാടുന്ന ആ നാടകത്തെ അന്ധമായി പ്രോത്സാഹിപ്പിക്കുന്ന നടപടി പ്രതിഷേധാത്മകമാണ്. വാസ്തവം തിരിച്ചറിഞ്ഞ് പ്രതികരിക്കാനും ഇത്തരം വികലമായ സൃഷ്ടികളെ നിരുത്സാഹപ്പെടുത്താനും സാംസ്കാരിക സമൂഹം തയ്യാറാകണം. അടിയന്തരമായി നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെടുന്നു.
കക്കുകളി എന്ന നാടകത്തിനെതിരെ നേരത്തെ തൃശൂര്‍ അതിരൂപതയും ചില ക്രിസ്ത്യന്‍ സംഘടനകളും രംഗത്തുവന്നിരുന്നു.






