
കൊച്ചി: സ്വപ്നാ സുരേഷിന്റെ പുതിയ ആരോപണങ്ങളെ വെല്ലുവിളിച്ച് വിജേഷ് പിള്ള. സ്വപ്നയുമായി കൂടിക്കാഴ്ച്ച നടന്നു എന്ന് പറയപ്പെടുന്ന ഹോട്ടലില്‍ മറ്റൊരാളും താമസിച്ചിരുന്നു എന്ന സ്വപ്നയുടെ പരാമര്‍ശത്തെയാണ് വിജേഷ് വെല്ലുവിളിച്ചത്. മുറിതെടുത്തത് താന്‍ ഒറ്റയ്ക്കാണ്. മറ്റാരും ഒപ്പം ഉണ്ടായിരുന്നില്ല . ഇക്കാര്യം അറിയണമെങ്കില്‍ ഹോട്ടലിലെ ക്യാമറ പരിശോധിക്കാം. കൂട്ടാളി ആരാണെന്ന് തെളിയിക്കാന്‍ സ്വപ്നയെ വെല്ലുവിളിക്കുകയാണെന്നും വിജേഷ് പറഞ്ഞു.
താന്‍ നല്കിയ പരാതിയില്‍ കര്‍ണാടക കൃഷ്ണരാജപുരം പൊലീസ് കേസെടുത്തെന്ന് സ്വപ്ന ഇന്ന് പറഞ്ഞിരുന്നു. കേസിന്റെ ഒത്തുതീര്‍പ്പിനായി ചര്‍ച്ച നടന്നെന്ന് പറയുന്ന ഹോട്ടലില്‍ കൊണ്ടുപോയി കര്‍ണാടക പോലീസ് തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്മെന്റ് കര്‍ണാടക പൊലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിലുള്ള ആ അജ്ഞാതന്‍ എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വപ്ന ചോദിച്ചിരുന്നു.
30 കോടി രൂപ സ്വര്‍ണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിജേഷ് പിള്ള വഴി വാഗ്ദാനം ചെയ്തുവെന്നായിരുന്നു കഴിഞ്ഞ ദിവസം സ്വപ്നയുടെ വെളിപ്പെടുത്തല്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് അയച്ചയാളാണെന്ന് പറഞ്ഞാണ് വിജേഷ് പിള്ള തന്നെ സമീപിച്ചതെന്നും സ്വപ്ന ആരോപിച്ചിരുന്നു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വിജേഷ് പിളള പറഞ്ഞിരുന്നു. തനിക്ക് സിപിഐഎമ്മുമായോ ഗോവിന്ദന് മാഷുമായോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു .






