
കോഴിക്കോട്: സി.പി.എം. രണ്ടര പതിറ്റാണ്ടുഭരിച്ച ത്രിപുര കൈപ്പിടിയിലൊതുക്കിയ ബി.ജെ.പിയുടെ അടുത്ത പ്രധാന ലക്ഷ്യങ്ങളിലൊന്നു കേരളത്തില്‍ അക്കൗണ്ട് തുറക്കല്‍. ലോക്സഭാ തെരഞ്ഞെടുപ്പിനു ബി.ജെ.പി.യുടെ പ്രചാരണത്തുടക്കമായി ഇന്നലെ തൃശൂരില്‍ അമിത്ഷാ പങ്കെടുത്ത് പൊതുയോഗം. തൃശൂരില്‍ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപിയെന്നു ഉറപ്പിക്കുന്നതായി യോഗം. തൃശൂരിനു പുറമേ തിരുവനന്തപുരവും ബി.ജെ.പി. ഇത്തവണ ലക്ഷ്യംവയ്ക്കുന്ന സീറ്റാണ്.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു തെരഞ്ഞെടുപ്പിനു മുമ്പ് കെ. സുരേന്ദ്രനെ മാറ്റാന്‍ സാധ്യതയില്ലെങ്കിലും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ നിയോഗിതനായത് മുന്‍ കേന്ദ്രമന്ത്രിയും പ്രഭാരിയുമായ പ്രകാശ് ജാവേദ്ക്കര്‍. പ്രായപരിധി കഴിഞ്ഞതിനാല്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്നു മാറ്റിനിര്‍ത്തിയ ജാവേദ്ക്കറുടെ അടുത്ത ലക്ഷ്യം ഗവര്‍ണര്‍ പദവിയാണ്.
കേരളത്തില്‍നിന്ന് അക്കൗണ്ട് തുറന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ ജാവദേക്കര്‍ക്ക് പ്രതീക്ഷയുള്ളൂ. അതിനാല്‍തന്നെ രണ്ടും കല്‍പ്പിച്ചാണു ജാവേദക്കര്‍ ഇത്തവണ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. മറുചേരിയില്നിന്നു ജനസ്വാധീനമുള്ള നേതാക്കളെ അടര്‍ത്തി മാറ്റാനുള്ള നീക്കവും സജീവം.
മുമ്പ് നിതിന്‍ ഗഡ്ക്കരി ദേശീയ അധ്യക്ഷനായപ്പോഴും കേരളത്തിന്റെ ഇന്‍ചാര്‍ജ് ചുമതലയില്‍ ജാവേദക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവും സ്വര്‍ണക്കടത്ത്- ലൈഫ് മിഷന് കേസുമായിരിക്കും ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് അജന്‍ഡയെന്ന് അമിത്ഷാ ഇന്നലെ വ്യക്തമാക്കികഴിഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിലൂടെ കേരളത്തെ കശ്മീരാക്കാനുള്ള പദ്ധതികള്‍ക്കാണു തടയിട്ടതെന്നാണ് അമിത്ഷായുടെ അവകാശവാദം. പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണംവച്ചു പൊറുപ്പിക്കില്ലെന്നും അമിത്ഷാ വ്യക്തമാക്കി. ഇത്തരമൊരു പ്രചാരണ മുദ്രാവാക്യത്തിലൂടെ ക്രിസ്ത്യന്‍ വോട്ടുകളിലേക്കും ബി.ജെ.പി. നോട്ടമിടുന്നുണ്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ നാഗാലാന്‍ഡിലും ഗോവയിലും സര്‍ക്കാരുണ്ടാക്കിയതുപോലെ കേരളത്തിലും ക്രിസ്ത്യന്‍ വോട്ട് നേടി ജയിച്ച്കയറാനുള്ള തന്ത്രമാണു ബി.ജെ.പി. പയറ്റുന്നത്.
ആദ്യഘട്ടത്തില്‍ ഉന്നത തല ഇടപെടലിലൂടെ സ്വര്‍ണക്കടത്ത്- ലൈഫ് മിഷന് കേസ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അട്ടിമറിച്ചെന്ന ആരോപണം ശക്തമായിരുന്നു. രണ്ടാംഘട്ട അന്വേഷണം പഴുതടച്ചുവേണമെന്ന നിര്‍ദേശമാണു കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ളത്. ശിവശങ്കറിന്റെ അറസ്റ്റിനു കാരണമായ ഇടപെടലുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്ന് അമിത്ഷാ ഇന്നലെ ആവശ്യപ്പെട്ടു.
20 ലോക്സഭാ മണ്ഡലങ്ങളിലൂടെ കെ. സുരേന്ദ്രന് നടത്താനിരുന്ന യാത്ര മാറ്റിവയ്ക്കാനുള്ള നിര്‍ദേശമാണു കേന്ദ്ര നേതൃത്വം നല്‍കിയത്. കേരളത്തില്‍ ശക്തമായ സംഘടനാ സംവിധാനം ഇനിയും രൂപപ്പെട്ടിട്ടില്ലെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബൂത്ത് തലങ്ങളില്‍ കരുത്താര്ജിക്കുന്നതിനാണു പ്രഥമ പരിഗണന നല്‍കേണ്ടതെന്നാണു കേന്ദ്ര നിര്‍ദേശം. തുടര്‍ന്നാണു സുരേന്ദ്രന്റെ യാത്ര നവംബറിലേക്കു മാറ്റിയത്.






