
കൊച്ചി: കൊച്ചി കോര്പറേഷന് ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിനായി മുടക്കിയ തുകയുടെ കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട കഴിഞ്ഞ ഏഴ് വര്‍ഷത്തെ കരാര്‍ രേഖകള്‍ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. മാലിന്യ പ്ലാന്റ് വിഷയത്തില്‍ സര്‍ക്കാരിനെതിരെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്.
ജില്ലാ കളക്ടള് ഉള്‍പ്പെട്ട സമിതി കഴിഞ്ഞ ദിവസം ബ്രഹ്മപുരത്ത് സന്ദര്‍ശനം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ കോടതി വിമര്‍ശിച്ചത്. ഖരമാലിന്യ നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കോടതി ഉന്നയിച്ചു. ബ്രഹ്മപുരം എന്ന പേര് ഇതിനെ തുടര്‍ന്ന് മാറ്റി എഴുതപ്പെട്ടു. കൊച്ചി കോര്പറേഷന് സെക്രട്ടറിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നേരിട്ട് നിരീക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മലിനീകരണ ബോര്‍ഡ് പ്ലാന്റ് നടത്തിപ്പുകാര്‍ക്കെതിരെ എടുക്കാന്‍ പോകുന്ന നടപടികളെ കുറിച്ചു ചോദിച്ചിരുന്നു. നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി കോര്പറേഷന് അടക്കം പിഴ ചുമത്തുമെന്നുമായിരുന്നു മലിനീകരണ ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയത്. പിഴ തുക വാങ്ങി ബാങ്കില്‍ ഇട്ടാല്‍ ഇപ്പോള്‍ വിഷപ്പുക ശ്വസിച്ചതിന് പകരമാകുമോ എന്നായിരുന്നു കോടതി ഇതിനെതിരെ ഉയര്‍ത്തിയ ചോദ്യം.
ബ്രഹ്മപുരത്തെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ നാളെ കോടതിയില്‍ ഹാജരാക്കാനും വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫ് വിഷപ്പുക ശ്വസിച്ച് മരിച്ച സാഹചര്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നാളെ ഉച്ചയ്ക്ക് മുമ്പ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.






