
സിനിമയില്‍ താന്‍ എത്തിയതില്‍ തന്റെ ഉമ്മയാണ് ഏറ്റവും അധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നതെന്ന് നടന് ലുക്മാന് അവറാന്. താന്‍ അമ്മയോടല്ലാതെ ആരോടും തന്റെ സിനിമ മോഹം പറഞ്ഞട്ടില്ലായെന്നും താരം പറഞ്ഞു. ഓരോ തവണ സിനിമയിലെ അവസരങ്ങള്‍ വിട്ട് പോകുമ്പോള്‍ അടുത്തത് നോക്ക് അല്ലെങ്കില്‍ ഗള്‍ഫിലേക്ക് പോകാന്‍ തന്റെ ഉമ്മ പറഞ്ഞിരുന്നുവെന്നും ലുക്മാന് പറഞ്ഞു. താരം ഈ കാര്യങ്ങള്‍ പറഞ്ഞത് റെഡ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ്.
'സിനിമാ സ്വപ്നം എന്ന കാര്യം ആകെ ഉമ്മയോട് മാത്രമാണ് പറഞ്ഞത്. വീട്ടില്‍ വേറെയാരോടും അങ്ങനെ ഒന്നും പറഞ്ഞിരുന്നില്ല. എന്‍ജിനിയറിങ് കഴിഞ്ഞ് ട്രെയിനിയായി ജോലി ചെയ്യുന്ന ശമ്പളമാണ് വീട്ടില്‍ തരുന്നതെന്നാണ് പറഞ്ഞിരുന്നത്. ചില മാസങ്ങളില്‍ വീട്ടിലേക്ക് പൈസ അയച്ചുകൊടുക്കാന്‍ പറ്റില്ല. അപ്പോള്‍ ഉമ്മ സ്വര്‍ണ്ണം വല്ലതും പണയം വെച്ച് അത് കൊടുക്കും. അടുത്ത പ്രാവശ്യം കിട്ടുമ്പോള്‍ തന്നാല്‍ മതിയെന്ന് പറയും. ഉമ്മ ശരിക്കും എന്റെ കൂടെ നിന്നിരുന്നു. ഇതും കൂടി നോക്ക്, ഇല്ലെങ്കില്‍ ഗള്‍ഫിലേക്ക് പോകാന്‍ പറയും. ആ ഉമ്മ ആദ്യമായി തിയറ്ററില്‍ വന്ന് ഉണ്ടയും തല്ലുമാലയും ഓപ്പറേഷന് ജാവയും കണ്ടു. ഉമ്മക്ക് വലിയ സന്തോഷമായി. ഞാനൊക്കെ എത്ര വേദനിച്ചിട്ടുണ്ടെന്ന് അറിയോന്ന് ചോദിക്കും. എന്റെ സിനിമാ വരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എന്റെ ഉമ്മയായിരിക്കും', ലുക്മാന് പറഞ്ഞു.
ലുക്മാന് നായകനായി എത്തുന്ന അടുത്ത ചിത്രത്തില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് അഷ്റഫ് ഹംസയാണ്. ചെമ്പന്‍ വിനോദ് ജോസ്, അനാര്‍ക്കലി മരക്കാര്ഗണപതി, ശബരീഷ് വര്‍മ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമല്‍ഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അര്‍ച്ചന പദ്മിനി, നിര്‍മ്മല്‍ പാലാഴിഎന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ചെമ്പോസ്കി മോഷന്‍ പിക്ചേഴ്സിന്റെ ബാന്നറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവര്‍ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് സെഞ്ച്വറി ഫിലിംസാണ്. ചിത്രം ഈദിനായിരിക്കും തീയേറ്ററുകളില്‍ എത്തുക.






