
നടി മമിത ബൈജുവിന് പിറന്നാൾ ആശംസകൾ നേർന്ന് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. മമിതയ്ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു സംഗീതിന്റെ വേറിട്ട ആശംസ.
"മോനേ യാ, ഇത് നമ്മൾ സാധാരണ കാണാറുള്ള പോലെയല്ല. നമ്മുടെ സിനിമയ്ക്ക് വേണ്ടി നമുക്ക് തികച്ചും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം. സത്യം പറഞ്ഞാൽ ജെ ആന്റ് ഡി-യുടെ ആ വേർഷൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഈ കുട്ടികൾ ഉടൻ തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവരായി മാറുന്നത് കാണാൻ എനിക്ക് ഇനി കാത്തിരിക്കാനാവില്ല! എന്റെ കുട്ടി ഡി-ക്ക് ജന്മദിനാശംസകൾ..." സംഗീത് കുറിച്ചു.
ചുരുക്കം സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സംഗീത് പ്രതാപ്. ഒരു ഫിലിം എഡിറ്ററായി സിനിമയിലെത്തിയ സംഗീത്, പിന്നീട് അഭിനയത്തിലൂടെയാണ് മലയാളികളുടെ പ്രിയങ്കരനായി മാറിയത്. ബ്ലോക്ക്ബസ്റ്റർ ചിത്രം 'പ്രേമലു'വിൽ നസ്ലിന്റെ സുഹൃത്തായ 'അമൽ ഡേവിസ്' എന്ന കഥാപാത്രത്തിലൂടെ താരം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. മമിത തന്റെ അടുത്ത സുഹൃത്താണെന്നും സഹോദരിയെപ്പോലെയാണെന്നും പല അഭിമുഖങ്ങളിലും സംഗീത് തുറന്നുപറഞ്ഞിട്ടുണ്ട്.
അതേസമയം സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' ആണ് മമിതയുടെ ഏറ്റവും പുതിയ ചിത്രം. രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 2026 ഓഗസ്റ്റ് 14-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.






