
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ശരിയായ ഏകോപനവും നേതൃത്വവുമില്ലെന്ന് ഡിഎംകെ നേതാവ് ടിആര്‍ ബാലു. കോണ്‍ഗ്രസ് കൂടുതല്‍ സജീവമായിരിക്കണമെന്നും ജാഗ്രതയോട് കൂടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയുടെ വിപുലമായ പദ്ധതികള്‍ തയ്യാറാക്കുന്നതിലേക്കായി പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിച്ചിരുന്നു. സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാജരാകാത്തതിനാല്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് യോഗം വിലയിരുത്തി. പ്രശ്നങ്ങള്‍ ഉന്നയിച്ച് സഭ തടസ്സപ്പെടുത്താറുണ്ടെങ്കിലും ശരിയായ നേതൃത്വവും ഏകോപനവുമില്ല. കോണ്‍ഗ്രസ് എംപിമാര്‍ വലിയൊരു വിഭാഗവും ഹാജരാകുന്നില്ല. പ്രത്യേകിച്ച് ഉച്ചകഴിഞ്ഞുള്ള സെഷനുകളില്‍. പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഖാര്‍ഗെയോട് ടി ആര് ബാലു ആവശ്യപ്പെട്ടു.
16 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. എഎപി, ഡിഎംകെ, സിപിഐഎം, സിപിഐ, ആര്‍എസ്പി, ആര്‍ജെഡി, ജെഡിയു, ശിവസേന (താക്കറെ), ആര്‍എല്‍ഡി, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (എം), മുസ്ലീം ലീഗ്, എന്‍സിപി, ജെഎംഎം എന്നീപാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. അതേസമയം ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ഭരണകക്ഷിയുടെ ആവശ്യത്തിനെതിരെ പ്രതിഷേധിക്കാന്‍ ബിആര്‍എസും പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം ചേര്‍ന്നു.
അദാനി വിഷയം കഴിഞ്ഞ തിങ്കളാഴ്ച്ച സഭയില്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിച്ചിരുന്നു എന്നാല്‍ ബിജെപി പ്രതിപക്ഷത്തെ മുന്‍നിര്‍ത്തി രാഹുലിന്റെ വിഷയം ഉന്നയിച്ചത് ഇതിന് തടസമായി. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം സംബന്ധിച്ച വിഷയം ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.






