
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സിപിഎം സംസ്ഥാ സെക്രട്ടറി എം.വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിലും ക്രിമിനലുമായി കേസ് നല്‍കുമെന്നും നോട്ടീസില്‍ പറയുന്നു.
തളിപ്പറമ്പിലെ അഭിഭാഷകന് മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ അപകീര്‍ത്തികരവും വസ്താവിരുദ്ധമാണ്. സ്വപ്ന പറയുന്ന വിജേഷ് പിള്ളയെ അറിയില്ല. ആരോപണങ്ങള്‍ പിന്‍വലിച്ച് രണ്ട് പ്രമുഖ പത്രങ്ങളിലൂടെ പരസ്യപ്പെടുത്തി മാപ്പ് പറയണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ക്രിമിനല്‍ സിവില്‍ നടപടികളുമായി മുന്നോട്ടുപോകും ഒരു കോടി രൂപ നഷ്ടപരിഹാരം തേടമെന്നും നോട്ടീസില്‍ പറയുന്നു. സ്വപ്നയുടെ ബംഗലൂരുവിലെ താമസസ്ഥലത്തെ വിലാസത്തിലാണ് നോട്ടീസ്.
കഴിഞ്ഞ 50 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ് താന്‍. എംഎല്‍എയുമാണ്. തന്റെ വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും അപകീര്‍ത്തിയുണ്ടാക്കുന്നതാണ് ആരോപണമെന്നും എം.വി ഗോവിന്ദന് നോട്ടീസില്‍ പറയുന്നു. വിജേഷ് പിള്ളയ്ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കേസുകളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും തെളിവുകള്‍ കൈമാറണമെന്നും ആവശ്യപ്പെട്ട കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള എന്നയാള്‍ തന്നെ സമീപിച്ചുവെന്നും 30 കോടി വാഗ്ദാനം ചെയ്തുവെന്നും വഴങ്ങിയില്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന് കൊല്ലാനും മടിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍.
അതേസമയം, സ്വപ്ന തന്റെ പേര് ഉപയോഗിച്ച് നടത്തിയ ആരോപണങ്ങളിലാണ് എം.വി ഗോവിന്ദന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സിപിഎം പ്രതിരോധ ജാഥയില്‍ ഉടനീളം മാധ്യമങ്ങള്‍ ചോദ്യം ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഇതുവരെ ഒരു കേസുപോലും നല്‍കിയിട്ടില്ല. തോമസ് ഐസക്കിനും കടകംപള്ളി സൂരേന്ദ്രനുമെതിരായ ആരോപണങ്ങളില്‍ നിയമനടപടിക്ക് പാര്‍ട്ടി അനുമതി നല്കിയെന്നു പറയുമ്പോഴും ഇതുവരെ ആരും നടപടി സ്വീകരിച്ചിട്ടില്ല.






