
ഓസ്ക്കറില്‍ സ്വന്തം നാട്ടു...നാട്ടു തകര്‍ത്തുവാരിയപ്പോള്‍ കീരവാണിയ്ക്ക് അഭിനന്ദനം അറിയിക്കാനുള്ള തിരക്കിലായിരുന്നു ഇന്ത്യാക്കാര്‍ മുഴുവന്‍. എന്നാല്‍ പാട്ടൊരുക്കിയ എംഎം കീരവാണിയ്ക്കും പാട്ടെഴുതിയ ചന്ദ്രബോസിനും ഏറെ സ്പെഷ്യലായ ഒരു പ്രതികരണം ഇന്സ്റ്റാഗ്രാമിലൂടെയുണ്ടായി. സാക്ഷാല്‍ റിച്ചാര്‍ഡ് കാര്പെന്ററില് നിന്നുള്ള അഭിനന്ദനമായിരുന്നു അത്.
പ്രശസ്തമായ അമേരിക്കന്‍ പോപ്പ്ബാന്റ് 'ദി കാര്‍പെന്റേഴ്സ്' സിന്റെ റിച്ചാഡും കുടുംബവും അവരുടെ പ്രശസ്തമായ 'ടോപ് ഓഫ് ദി വേള്‍ഡ്' എന്ന ഗാനത്തിന്റെ മാറ്റം വരുത്തിയ വെര്ഷന് പാടുന്ന വീഡിയോ അയച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്. ''വീ ആര് ഓണ്‍ദി ടോപ് ഓഫ് ദി വേള്‍ഡ് ഫോര്‍ യുവര്‍ വിന്നിംഗ് ക്രീയേഷന്, ആന്റ് വീ ഹോപ്പ് യൂ നോ ഹൗ പ്രൗഡ് ഓഫ് യൂ വീ ആര്. യു ആര് ദി ബെസ്റ്റ് ദയര്‍ ഈസ് എറൗണ്ട് ആന്റ് വീ ഹോപ്പ് യൂ നോ ഇറ്റ് നൗ, യൂവര്‍ വിന് പുട്സ് അസ് അറ്റ് ദി ടോപ്പ് ഓഫ് ദി വേള്‍ഡ്'' എന്നായിരുന്നു വരികള്‍.
എംഎം കീരവാണിയ്ക്കും ചന്ദ്രബോസിനും എന്ന സന്ദേശത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മികച്ച ഒറിജിനല്‍ ഗാനം നേടിയതിന് നിങ്ങള്‍ക്കും നിങ്ങളുടെ പാട്ടിനും ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനം എന്നും ഞങ്ങളുടെ കുടുംബത്തില്‍ നിന്നും നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഒരു ചെറിയ സമ്മാനം എന്നുമാണ് വീഡിയോയ്ക്ക് റിച്ചാര്‍ഡ് നല്‍കിയിരിക്കുന്ന തലക്കെട്ട്. മാര്‍ച്ച് 15 ന് ബുധനാഴ്ചയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
റെക്കോഡ് പ്രൊഡ്യൂസര്‍, പിയാനിസ്റ്റ്, പാട്ടെഴുത്തുകാരന് എന്ന നിലയില്‍ ആഗോളമായി പ്രശസ്തിയുള്ള റിച്ചാര്‍ഡിനെയും അദ്ദേഹത്തിന്റെ കാര്‍പെന്റര്‍ ബാന്റിനെയും പുരസ്ക്കാരം നേടിയ വേദിയില്‍ കീരവാണി പ്രത്യേകം പ്രസ്താവിച്ചിരുന്നു. കാര്‍പെന്റേഴ്സിനെ കേട്ടാണ് താന്‍ വളര്‍ന്നതെന്നും അവരുടെ 'ടോപ് ഓഫ് ദി വേള്‍ഡി' ന് തന്റേതായ വെര്ഷന് നല്‍കാറുണ്ടായിരുന്നെന്നും പുരസ്ക്കാരം സ്വീകരിക്കുന്ന വേദിയില്‍ കീരവാണി പറഞ്ഞിരുന്നു.
റിച്ചാര്‍ഡിന്റെ വീഡിയോ കീരവാണിയുടെ കണ്ണ് നനയിച്ചു. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞെന്നും പ്രപഞ്ചത്തില്‍ തന്നെ തനിക്ക് കിട്ടിയ ഏറ്റവും മികച്ച സമ്മാനമാണ് ഇതെന്നുമാണ് കീരവാണി കുറിച്ചത്. വീഡിയോയോട് ആര്‍ആര്‍ആര്‍ സംവിധായകന് രാജമൗലിയും പ്രതികരിച്ചിട്ടുണ്ട്. ഓസ്ക്കര്‍ പരിപാടിയില്‍ ഉടനീളം ശാന്തനായിരുന്ന എന്റെ സഹോദരന് ഇത്ര വൈകാരികത പുറത്തുവിടുന്നത് കണ്ടിട്ടില്ലെന്നും അതുകണ്ട് ഞങ്ങളുടെയും കണ്ണു നിറഞ്ഞുപോയെന്നും ഞങ്ങളുടെ കുടുംബത്തിന് ഇത് ഏറ്റവും വിലപ്പെട്ട ഓര്മ്മയാണെന്നുമായിരുന്നു രാജമൗലിയുടെ പ്രതികരണം.






