
ദില്ലി: അദാനി-ഹിന്റബര്ഗ് വിഷയം, കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുക തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് സഭയില്‍ ഉന്നയിക്കാണ് പ്രതിപക്ഷ തീരുമാനം. അതുകൊണ്ട് തന്നെ സഭ ഇന്നും പ്രക്ഷുബ്ധമായേക്കാനാണ് സാധ്യത. കൂടാതെ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ പെണ്‍കുട്ടികള്‍ രാഹുലിനോട് നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് കത്ത് നല്‍കിയിരുന്നു. തന്നെ സമീപിച്ച പെണ്‍കുട്ടികള്‍ അവര്‍ പീഡനത്തിന് ഇരയായി എന്ന് അറിയിച്ചതായി രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ സംബന്ധിച്ച് വിവരം അറിഞ്ഞാല്‍ അത് വെളിപ്പെടുത്താന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
രാഹുല്‍ഗാന്ധിക്ക് പോലീസ് നോട്ടീസ് നല്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഈ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. അദാനി വിഷയത്തില്‍ പോലീസ് നോട്ടീസ് നല്‍കാത്തത് എന്തെന്ന് കോണ്‍ഗ്രസ് ചോദിച്ചു. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് രാവിലെ ചേരും. ഭരണകൂടത്തിന്റെ ചട്ടുകമായി ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നു എന്നും അവര്‍ ആരോപിച്ചു.
അദാനി വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് ഇരുസഭകളിലും ഇന്ന് നോട്ടീസ് നല്‍കും. അദാനി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാണ് ആവശ്യം. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം ബിജെപിയും ഇന്ന് സഭയില്‍ വീണ്ടും ഉന്നയിക്കുന്നതോടെ സഭ ഇന്നും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പ്.
ബജറ്റുമായി ബന്ധപ്പെട്ട ധനവിനിയോഗ ചര്‍ച്ചകള്‍, ബജറ്റിന്റെ വിവിധ വിഷയങ്ങള്‍, ബജറ്റ് ജനങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാകുന്ന സ്വാധീനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് സഭ ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ അതെല്ലാം മാറ്റിവെച്ചാണ് ബജറ്റിന്റെ രണ്ടാം ഘട്ട സഭ സമ്മേളനം നടക്കുന്നത്. ബജറ്റിനെ പറ്റി ഒരു ചര്‍ച്ചയില്ലാതെ സഭ അവസാനിക്കുന്നത് ഭരണപക്ഷത്തെ സംബന്ധിച്ച് ഒരു വിജയമാണ്.






