
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത് . നേതൃത്വം താനുമായി ഒരു കാര്യവും കൂടിയാലോചിക്കുന്നില്ലെന്ന് മുല്ലപ്പളളി നേരത്തെ പരാതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പുതിയ വിമര്‍ശനം. 'താനാണ് വലിയവനെന്ന സമീപനത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. അത് മനസിലാക്കിയില്ലെങ്കില്‍ ചരിത്രത്തോട് കാണിക്കുന്ന അനീതിയാണ് ' - മുല്ലപ്പള്ളി പറഞ്ഞു. പുനസംഘടനാ ചര്‍ച്ചകള്‍ നടക്കുന്ന് സാഹചര്യത്തിലാണ് പുതിയ വിമര്‍ശനവുമായി മുല്ലപ്പള്ളി രംഗത്ത് വന്നത്.
ആര്‍ക്കെങ്കിലും ഇഷ്ടദാനം നല്‍കേണ്ടതല്ല പാര്‍ട്ടിയിലെ പദവികള്‍. കഴിവും കാര്യശേഷിയുള്ളവരെ ഉള്ള് തുറന്ന് ചര്‍ച്ചകള്‍ നടത്തി പാര്‍ട്ടിയിലേക്ക് കൊണ്ട് വരണം. പാര്‍ട്ടി നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഏകപക്ഷീയമായ നിലപാടുകളും തീരുമാനങ്ങളും ഒന്നിനും പരിഹാരമല്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
മുന്‍ കെപിസിസി പ്രസിഡന്റായിരുന്നു മുല്ലപ്പള്ളി . പദവി ഒഴിഞ്ഞ ശേഷം കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് സജീവമാണെങ്കിലും സംസ്ഥാനതല പരിപാടികളില്‍ മുല്ലപ്പള്ളി പങ്കെടുക്കാറില്ല. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കുന്ന നേതൃത്വത്തിന്റെ നിലപാടിലുള്ള പ്രതിഷേധമാണ് ബഹിഷ്കരണത്തിലൂടെ മുല്ലപ്പള്ളി രാമചന്ദ്രന് പ്രകടിപ്പിച്ചത്. കെപിസിസി നേതൃത്വം പൂര്‍ണ്ണമായും തന്നെ അവഗണിക്കുന്നുവെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രധാന പരാതി.






