
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് അനവധി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ആസിഡ് മഴയ്ക്ക് സാധ്യതയില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്വയണ്മെന്റല് എഞ്ചിനീയര്‍ പി.ബി ശ്രീലക്ഷ്മി. ആസിഡ് മഴയെ കുറിച്ചുള്ള ആശങ്കകള്‍ ജനങ്ങള്‍ക്കു വേണ്ട. അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡയോക്സൈഡിന്റെ അളവ് വര്‍ധിക്കുമ്പോഴാണ് മഴയ്ക്കൊപ്പം ആസിഡിന്റെ സാന്നിധ്യം ഉണ്ടാകുന്നതെന്നും ഇവിടെ അതിന് യാതൊരു തരത്തിലും സാധ്യതയില്ല അതുകൊണ്ടു തന്നെ ആശങ്ക വേണ്ട. കടമ്പ്രയാറിലെ വെള്ളം പരിശോധിക്കും. 15 ദിവസത്തിനകം ഫലം ലഭിക്കുമെന്നും അത് ജനങ്ങളെ അറിയിക്കുമെന്നും പി.ബി ശ്രീലക്ഷ്മി പറഞ്ഞു. കടലിന്റെ സാമീപ്യമുള്ളതിനാല്‍ തീപിടിത്തവുമായി ബന്ധപ്പെട്ടുണ്ടായ പുക ഭൂരിഭാഗവും കാറ്റു മൂലം ഇല്ലാതായെന്നും ശ്രീലക്ഷ്മി പറഞ്ഞു.
മാലിന്യ സംസ്ക്കരണത്തിന് അനുകരണീയ മാതൃകകള്‍ സ്വീകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫീസര്‍ സുജിത് കരുണ്‍. ബ്രഹ്മപുരത്ത് ഇനി പ്ലാസ്റ്റിക് അനുവദിയ്ക്കില്ല. ജൈവ, അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് നല്‍കണം. ഉറവിട മാലിന്യ സംസ്ക്കരണമാണ് ഇനി നടപ്പിലാക്കുന്നത്.
ജൈമാലിന്യങ്ങള് വീടുകളില്‍ തന്നെ സംസ്ക്കരിക്കണമെന്നും അജൈവ മാലിന്യങ്ങള്‍ വൃത്തിയായി തരം തിരിച്ച് നല്‍കണമെന്നും സുജിത് കരുണ്‍ പറഞ്ഞു. പാല് കവറുകള്‍, ഫുഡ് കവറുകള്‍ എന്നിവ കഴുകി വേണം നല്‍കേണ്ടത്. കോര്പറേഷന് പരിധിയില്‍ പ്പാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനി പ്രവര്‍ത്തനം തുടങ്ങി. ഹരിത കര്‍മ സേനയുടെ മാതൃകയില്‍ നഗരസഭയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.





