
കണ്ണൂര്‍ : വൈദേകം റിസാട്ടുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം തുടരുമെന്ന് വിജിലന്‍സ്. വിദഗ്ധ സംഘത്തെ രൂപീകരിച്ച് അന്വേഷണം തുടരാനാണ് തീരുമാനം. ഇതിനായി വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബില്‍ ജേക്കബ് നല്കിയ പരാതിയിലാണ് റിസോര്‍ട്ട് നിര്‍മ്മാണത്തിലെ അഴിമതിയില്‍ വിജിലന്‍സ് പ്രാധമിക അന്വേഷണം നടത്തിയത്. വൈദേകം റിസോട്ടിന് പിന്നാലെ ആന്തൂര്‍ നഗരസഭാ ഓഫീസിലും സംഘം അന്വേഷണം നടത്തി. ആന്തൂര്‍ നഗരസഭ റിസോട്ട് നിര്‍മ്മാണത്തിനായി വഴി വിട്ട സഹായം തേടിയെന്ന പരാതിയിലായിരുന്നു നടപടി.
നിലവില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത് . എന്നാല്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. അന്വേഷണത്തിനായി കെട്ടിട നിര്‍മ്മാണ എഞ്ചിനിയര്‍മാര്‍ ഉള്‍പ്പെടെ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട് . റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഈ നീക്കം. ഇതിനായി വിജിലന്‍സ് ആസ്ഥാനത്ത് നിന്നും അനുമതി തേടും. ഇതിനു ശേഷമാകും പരാതിയില്‍ കേസെടുക്കണമോയെന്ന കാര്യം തീരുമാനിക്കുക.
പരാതിക്കാരനില്‍ നിന്നും നിലവില്‍ ഫോണ്‍ വഴിയാണ് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത് . പരാതിയിന്മേല് കേസെടുക്കേണ്ടി വന്നാല്‍ ഇദ്ദേഹത്തിന്റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. മുന്‍ മന്ത്രി ഇ പി ജയരാജന്റെ സ്വാധീനത്താല്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സനും സെക്രട്ടറിയും മറ്റുദ്യോഗസ്ഥരും ചേര്‍ന്ന് റിസോര്‍ട്ടിനായി ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്. റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.
അതേ സമയം നികുതി സംബന്ധിച്ച കണക്കുകള്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ റിസോര്‍ട്ട് അധികൃതരോട് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രേഖകളില്‍ വ്യക്തത വരുത്താനായാണ് ഈ നടപടി. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടര്‍ക്കഥയായതോടെ ഇപി ജയരാജന്റെ ഭാര്യയുടേയും മകന്റേയും പേരിലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ നീക്കം തുടങ്ങിയിരുന്നു.രണ്ടു പേരുടേയും പേരില്‍ 91 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോര്‍ട്ടിലുള്ളത്.






