
കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചു. ജയാനന്ദന്റെ ഭാര്യ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനുമതി അനുവദിച്ചത്. കഴിഞ്ഞ 17-ാം തീയതിയാണ് ഇയാളുടെ ഭാര്യ ഇന്ദിര മകളുടെ വിവാഹമാണ് റിപ്പര്‍ ജയാനന്ദനെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണം 15 ദിവസത്തെ പരോള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ അതീവ സുരക്ഷയിലാണ് കൊടുംകുറ്റവാളി ആയ റിപ്പര്‍ ജയാനന്ദന് തടവറയില്‍ കഴിഞ്ഞിരുന്നത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പരോളിനെ എതിര്‍ത്തിരുന്നു. റിപ്പര്‍ ജയാന്ദന്റെ മകള്‍ അഡ്വക്കേറ്റ് കീര്‍ത്തി ജയാനന്ദന് ആണ് അമ്മക്ക് വേണ്ടി ഹൈകോടതിയില്‍ ഹാജരായത്. അഭിഭാഷക എന്ന രീതിയിലലല്ല, മകള്‍ എന്ന രീതിയില്‍ തന്നെ തന്റെ വിവാഹത്തിനു അച്ഛന് പങ്കെടുക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വാദം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തെങ്കിലും മകള്‍ എന്ന രീതിയില്‍ ഇതിനെ പരിഗണിയ്ക്കണം എന്നാവശ്യമാണ് കീര്‍ത്തി ജയാനന്ദന് കോടതിയില്‍ പറഞ്ഞത്.
രണ്ടു ദിവസത്തെ അനുമതിയാണ് ഇയാള്‍ക്ക് ഉള്ളത്. 21-ാം തീയതി വിവാഹത്തിന്റെ തലേ ദിവസം പൊലീസ് സംരക്ഷണത്തില്‍ ജയാനന്ദന് വീട്ടില്‍ എത്താം. 22ാം തീയതി 9 മണി മുതല്‍ 5 മണി വരെ വിവാഹത്തില്‍ പങ്കെടുക്കാം. ഇയാള്‍ ജയിലിലേക്ക് തിരികെ മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നല്‍കണം എന്ന് കോടതി നിര്‍ദേശമുണ്ട്.






