
ന്യൂഡല്‍ഹി;ക്ലാസുകള്‍ ആരംഭിക്കേണ്ട തീയതിയെ കുറിച്ച് സ്കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്കി സിബിഎസ്ഇ. ക്ലാസുകള്‍ ഏപ്രില്‍ ഒന്നിന് മുന്‍പ് ആരംഭിക്കുന്നതെന്നാണ് മുന്നറിയിപ്പ്. മുന്‍കൂട്ടി ക്ലാസുകള്‍ ആരംഭിക്കുന്നത് കുട്ടികളില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. നേരത്തെ തന്നെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ക്ലാസ്സുകള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം.
ചില സ്കൂളുകള്‍ നേരത്തെ തന്നെ ക്ലാസുകള്‍ ആരംഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. പാഠഭാഗങ്ങള്‍ കുറഞ്ഞ സമയത്തില്‍ പൂര്‍ത്തിയാക്കുന്നതിനായാണ് മുന്‍കൂട്ടി ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. ഇത് കുട്ടികളില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്. പാഠഭാഗം ഉടന്‍ പൂര്‍ത്തിയാക്കുന്നതിനായി അധ്യാപകര്‍ വേഗത്തില്‍ ക്ലാസെടുക്കുകയും എന്നാല്‍ അധ്യാപകരുടെ വേഗത്തിനൊപ്പം കുട്ടികള്‍ക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ കുട്ടികളില്‍ ആശങ്ക സൃഷ്ടിക്കുകയുമാണ് ചെയുന്നതെന്നും ഉത്തരവിലുണ്ട്.
സിബിഎസ്ഇ വ്യക്തമാക്കുന്നത് ക്ലാസുകള്‍ നേരത്തെ ആരംഭിക്കുന്നതിനാല്‍ മറ്റ് എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികള്‍ക്കുള്ള സമയം കുട്ടികള്‍ക്ക് ലഭിക്കുകയില്ലെന്നാണ്. പഠനം പോലെ തന്നെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളും പ്രധാനപ്പെട്ടതാണെന്നാണ് സിബിഎസ്ഇ പറയുന്നത്. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.






