
ന്യൂഡല്‍ഹി: പഞ്ചാബ് പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെ ''വാരിസ് പഞ്ചാബ് ദേ'' തലവനും ഖലിസ്ഥാന്‍ നേതാവുമായ അമൃത്പാല്‍ സിങ് രക്ഷപ്പെടുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്ത്.
നാടടച്ചു തെരച്ചില്‍ നടത്തുമ്പോള്‍ പല വാഹനങ്ങള്‍ മാറി മാറി സഞ്ചരിച്ചും വേഷം മാറിയുമാണ് അമൃത്പാല്‍ പോലീസിനെ കബളിപ്പിച്ചതെന്നാണു വിവരം. മെഴ്സിഡസ് എസ്.യു.വിയിലായിരുന്നു ആദ്യം യാത്രയെങ്കിലും തുടര്‍ന്ന് മാരുതി ബ്രെസയിലും ഒടുവില്‍ െബെക്കിലുമാണ് അമൃത്പാല്‍ രക്ഷപ്പെട്ടത്.
ശനിയാഴ്ച രാത്രി 11.27-ന് ജലന്ധറിലെ ടോള്‍ ബൂത്തിലൂടെ മാരുതി ബ്രെസ വാഹനത്തില്‍ അമൃത്പാല്‍ സിങ് കടന്നുപോകുന്ന സി.സി. ടിവി ക്യാമറ ദൃശ്യങ്ങളാണു പുറത്തുവന്നത്. വാഹനത്തിന്റെ മുന്സീറ്റിലിരുന്നായിരുന്നു അമൃത്പാല്‍ സഞ്ചരിച്ചിരുന്നത്.
ലഹരി മാഫിയാ തലവന്‍ റാവല്‍ സിങ് സമ്മാനിച്ച മെഴ്സിഡസ് എസ്.യു.വിയായിരുന്നു അമൃത്പാല്‍ സിങ് ഉപയോഗിച്ചിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ ഈ വാഹനത്തിലാണ് അമൃത്പാല്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് പിടിക്കപ്പെടാതിരിക്കാന്‍ ഈ വാഹനം ഉപേക്ഷിച്ച് അനുയായിയുടെ ഉടമസ്ഥതയിലുള്ള മാരുതി ബ്രെസയിലേക്ക് അമൃത്പാലിന്റെ യാത്ര മാറ്റി.
ശനിയാഴ്ച ഷാഹ്കോട്ടിലെ റോഡരികില്‍നിന്ന് മെഴ്സിഡസ് എസ്.യു.വി. ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തുകയും ചെയ്തു. വാഹനം മാറിയതിനൊപ്പം മതപരമായ വേഷവും ടര്‍ബനും ചിഹ്നങ്ങളും ഇയാള്‍ ഉപേക്ഷിച്ചതായാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
രണ്ടാമത്തെ വാഹനവും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ അനുയായികള്‍ക്കൊപ്പം െബെക്കിലായിരുന്നു അമൃത്പാല്‍ സിങ്ങിന്റെ രക്ഷപ്പെടലെന്നാണു പുറത്തുവരുന്ന വിവരം.






