
ന്യൂഡല്‍ഹി: മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ സൂററ്റ് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെ മഹാത്മാഗാന്ധിയുടെ വാക്കുകള്‍ കടമെടുത്ത് രാഹുലിന്റെ പ്രതികരണം. തന്റെ മതം സത്യവും അഹിംസയുമാണെന്നും സത്യമാണ് തന്റെ ദൈവമെന്നും അത് നേടാനുള്ള മാര്‍ഗ്ഗമാണ് അഹിംസയെന്നും രാഹുല്‍ പറഞ്ഞു.
2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ കോളാറില്‍ നടന്ന പ്രചരണത്തില്‍ 'എല്ലാ കള്ളന്മാരുടേയും പേരിന്റെ കൂടെ എന്തുകൊണ്ടാണ് മോദി എന്ന് വരുന്നത് ' എന്ന് നടത്തിയ പരാമര്‍ശമാണ് ശിക്ഷയ്ക്ക് കാരണമായത്. സൂറത്തിലെ വിചാരണക്കോടതിയായിരുന്നു രാഹുലിനെതിരേ വിധി പ്രസ്താവിച്ചത്. രാഹുലിന്റെ പ്രസ്താവനയ്ക്ക് എതിരേ കോടതിയെ സമീപിച്ചത് ഗുജറാത്ത് മുന്‍ മന്ത്രിയായ പൂര്‍ണേഷ് മോദിയാണ്.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കും എന്നതാണ് രാഹുല്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇക്കാര്യത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം. വിചാരണക്കോടതിയുടെ വിധി മേല്‍ക്കോടതി ശരിവെച്ചാല്‍ രാഹുലിന് പാര്‍ലമെന്റംഗത്വം നഷ്ടമാകുന്ന സ്ഥിതി വരെയുണ്ടാകും. അതേസമയം വിദേശത്ത് പ്രസംഗിച്ചതിന്റെ പേരില്‍ രാഹുലിനെ ഏതു നിലയിലും ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. രാഹുല്‍ പേടിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.
അതേസമയം കേസിനെതിരേ വന്‍ വിമര്‍ശനവും ഉയരുന്നുണ്ട്. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഡാലോചന എന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ വിമര്‍ശനം. ബിജെപി ഇതര പാര്‍ട്ടികള്‍ക്കെതിരേ കേസുകള്‍ ഫയല്‍ ചെയ്യുന്നത് ഗൂഡാലോചനയാണെന്നും രാഹുല്‍ ഗാന്ധിയുമായി പല കാര്യങ്ങളിലും വിഭിന്ന നിലപാടുകള്‍ ഉണ്ടെങ്കിലും അപകീര്‍ത്തികേസും മറ്റും ശരിയല്ലെന്നും കോടതിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും ഈ വിധിയെ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.






