
ന്യൂഡല്‍ഹി; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി സ്വാഭാവികമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. നിയമത്തിനും രാജ്യത്തിനും പാര്‍ലമെന്റിനും മുകളിലാണ് താനെന്നാണ് രാഹുല്‍ വിശ്വസിക്കുന്നതെന്നും, ഗാന്ധി കുടുംബത്തിന് പ്രത്യേകതകളൊന്നും ഇല്ലെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് മാനനഷ്ട കേസിലെ സൂറത്ത് കോടതി വിധിക്ക് പിന്നാലെയാണ്.
ബി ജെ പി നേതാക്കള്‍ നേരത്തെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തി രംഗത്തെത്തിയിരുന്നു. മാനനഷ്ടക്കേസില്‍ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുല്‍ ഗാന്ധിക്ക് 2 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെയായിരുന്നു ലോക്സഭയില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്.
2019ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദി പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയത് മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമര്‍ശം എന്ന് ചൂണ്ടിക്കാട്ടിയാണ്. മാപ്പ് പറഞ്ഞ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ രാഹുല്‍ തയ്യാറായില്ല. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷ വിധിക്കുകയായിരുന്നു.






