
ബെംഗളുരു : കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് മുസ്ലീം വിഭാഗത്തിനുളള നാല് ശതമാനം ന്യൂനപക്ഷ സംവരണം റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമൈയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജോലികള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങളിലും ഉളള സംവരണമാണ് റദ്ദാക്കിയത്. സാമ്പത്തിക പിന്നോക്കാവസ്ഥയുളള മുസ്ലീങ്ങള്‍ക്ക് മാത്രമേ ഇനി സംവരണം നല്‍കുക. മുസ്ലീം വിഭാഗത്തിന്റെ നാലു ശതമാനം സംവരണം രണ്ട് ശതമാനം വീതം വൊക്കലിഗ, ലിംഗായത്ത്, വിഭാഗങ്ങള്‍ക്ക് വീതിച്ച് നല്‍കും. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ ഉള്‍പ്പെടെ ഉളള ബിജെപി നേതാക്കാള്‍ മുസ്ലീം സംവരണം എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കര്‍ണാടകത്തിലെത്തും.
ബെംഗളുരില്‍ കെആര്‍പുരം മുതല്‍ വൈറ്റ് ഫീല്‍ഡ് വരെയുളള മെട്രോ പാത മോദി ഉദ്ഘാടനം ചെയ്യും. എന്നാല്‍ പണിപൂര്‍ത്തിയാകുന്നതിന് മുന്‍പ് തിരക്കിട്ട് ഉദ്ഘാടനം തീര്‍ക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. രാവിലെ ചിക്‌ബെല്ലാപൂരില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജും മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയായ വിജയ് സങ്കല്‍പ് അഭിയാനിലും മോദി പങ്കെടുക്കും.





