
പാലക്കാട്: സംഭരിച്ച നെല്ലിന്റെ തുക പിആര്‍എസ് ലോണായി നല്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍. പാലക്കാട്ടെ നെല്‍കര്‍ഷകരാണ് സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കേരള ബാങ്ക് മുഖേന നല്കുന്ന പിആര്‍എസ് ലോണ്‍ കര്‍ഷകരെ വഞ്ചിക്കുന്ന നടപടിയാണെന്ന് കര്‍ഷകര്‍ അറിയിച്ചു.
സപ്ലൈകോയ്ക്ക് ഒന്നാം വിള നെല്ല് അളന്ന് നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കോടികള്‍ ആയിരുന്നു സര്‍ക്കാര്‍ നല്കാനുണ്ടായിരുന്നത്. തുക ലഭിക്കാതായത്തോടെ കര്‍ഷകര്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സമരം ശക്തമായതോടെ കേരള ബാങ്ക് വഴി പിആര്‍എസ് ലോണ്‍ എന്ന പേരില്‍ നെല്ലിന്റെ തുക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ആരംഭിച്ചു. എന്നാല്‍ പിആര്‍എസ് വായ്പ സര്‍ക്കാര്‍ കൃത്യമായി തിരിച്ചടച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാവും. ലോണ്‍ തുക പലിശ സഹിതം കര്‍ഷകര്‍ ബാങ്കിലേക്ക് തിരിച്ചടക്കേണ്ടി വരും. ഇതാണ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നത്.
സര്‍ക്കാര്‍ നടപടി യാതൊരു കാരണവശാലും അംഗീകരിക്കാന്‍ പറ്റുകില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. വിഷയത്തില്‍ കോടതിയെയും റിസര്‍വ് ബാങ്കിനെയും സമീപിക്കാനാണ് കര്‍ഷകരുടെ തീരുമാനം. നിലവില്‍ ഏറെ പ്രതിസന്ധി നേരിടുന്ന നെല്‍ കര്‍ഷകര്‍ക്ക് സംഭരണത്തിനായും സംഭരണ തുകയ്ക്കായും സമരം ചെയ്യേണ്ട സാഹചര്യമാണുള്ളത്. പിആര്‍എസ് ലോണ്‍ മുഖേനയുള്ള തുക വിതരണത്തിലൂടെ കര്‍ഷകരെ സര്‍ക്കാര്‍ ആശങ്കയിലാക്കുന്നത്.






