
മലയാളികളെ ഓര്‍മ്മിപ്പിച്ച് ഓര്‍മ്മിപ്പിച്ച് ചിരിപ്പിക്കാനായിരുന്നു ഇന്നസെന്റിന്റെ നിയോഗം. കിലുക്കത്തിലെ കിട്ടുണ്ണിയും, മിഥുനത്തിലെ സസ്പെന്‍ഷനിലായ ലൈന്മാന് കെ.ടി. കുറുപ്പും കല്യാണരാമനിലെ കല്യാണരാമനിലെ പോഞ്ഞിക്കര കേശവനുമെല്ലാം ഇന്നസെന്റ് തീര്‍ത്ത കഥാപാത്ര രൂപകല്‍പ്പന ആവര്‍ത്തിച്ച് ചിരിപ്പിക്കുന്നവയായിരുന്നു. എന്നാല്‍ സിനിമയ്ക്ക് പുറത്ത് ഇന്നസെന്റ് തീര്‍ക്കുന്ന ചിരികള്‍ വെറും ചിരി മാത്രമായിരുന്നില്ല ചിന്ത കൂടിയായിരുന്നു.
ഒരിക്കല്‍ സൂപ്പര്‍താരവും മൂന്ന് തവണ ദേശീയ പുരസ്ക്കാരം നേടിയ താരവുമായ മമ്മൂട്ടിയുമായി ദേശീയപുരസ്ക്കാരത്തിനു മത്സരിച്ചതിനെക്കുറിച്ച് ഇന്നസെന്റ് നടത്തിയ പ്രസ്താവന വെറും സ്വയം വിമര്‍ശനം മാത്രമായിരുന്നില്ല മനുഷ്യനെക്കുറിച്ചുള്ള പൊതുബോധം കൂടിയായിരുന്നു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് അത്തവണ ദേശീയ പുരസ്ക്കാര മത്സരത്തില്‍ ഇന്നസെന്റും ഉണ്ടായിരുന്നു. മികച്ച അഭിനേതാവിനുള്ള അന്തിമ പട്ടികയില്‍ മമ്മൂട്ടിയും അമിതാഭ് ബച്ചനുമായിരുന്നു മറ്റു രണ്ടുപേര്‍.
ടെലിവിഷനിലൂടെ മൂന്ന് പേരുടെയും പേരുകള്‍ സ്ക്രോള്‍ ചെയ്തു പോകുന്നതിനിടയില്‍ മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്നസെന്റിന്റെ പേര് കാണാതായി. തനിക്ക് ചെറിയൊരു സങ്കടം വന്നെന്നും എന്നാല്‍ മമ്മൂട്ടിയ്ക്കും കിട്ടരുതെന്ന് ആശിച്ചെന്നും താരം പറഞ്ഞു. പിന്നാലെ മമ്മൂട്ടിയെ മറികടന്ന് അമിതാഭ് ബച്ചന് പുരസ്ക്കാരം നേടിയപ്പോള്‍ അറിയാതെ ഒരു ആശ്വാസം മനസ്സിലേകക്ക് വന്നു. തൊട്ടു പിന്നാലെ തന്നെ അത് സങ്കടമായി. തന്നോടൊപ്പം അനേകം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. ജേഷ്ഠനും അനുജനുമായും അപ്പനും മകനുമായുമൊക്കെ വേഷമിട്ടിട്ടുണ്ട്. സിനിമാ സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. കുടുംബകാര്യങ്ങള്‍ പരസ്പരം പറയുന്നതരം അടുപ്പമുണ്ടായിട്ടും താന്‍ എന്തുകൊണ്ട് അങ്ങിനെ ചിന്തിച്ചു എന്നോര്‍ത്തു. അപ്പോള്‍ തന്നെ ഉത്തരവും കിട്ടി, ഇത്തരം കുശുമ്പും കുന്നായ്മയും ഒക്കെ ചേര്‍ന്നതാണ് മനുഷ്യന് എന്നായിരുന്നു ആ ചിന്ത. മനുഷ്യന്റെ പൊതുസ്വഭാവത്തെക്കുറിച്ച് തന്നെത്തന്നെ കഥാപാത്രമാക്കിയുള്ള ഇന്നസെന്റ് ഫലിതങ്ങള്‍ ഇങ്ങിനെയാണ്.
മറ്റൊരിക്കല്‍ ഇന്നസെന്റ് ജഗദീഷിനെക്കുറിച്ച് പറഞ്ഞു. കോളേജിലെ പണിയൊക്കെ കളഞ്ഞ് ഈ ജഗദീഷിന് സിനിമയ്ക്ക് പിന്നാലെ പോകേണ്ട വല്ല കാര്യവുമുണ്ടോ? ആദ്യം എല്ലാവരും ഒന്നു ഞെട്ടിയെങ്കിലും ഉടന്‍ തന്നെ ഇന്നസെന്റ് പറഞ്ഞു. അതാണ് കലയോടുള്ള ഒരാളുടെ അഭിനിവേശം.






