
അല്‍ഷിമേഴ്സ് സാധ്യതയുണ്ടെങ്കില്‍ ഇത് നേരത്തേ തന്നെ കണ്ണില്‍ നിന്നും കണ്ടെത്താനാകുമെന്ന് ഗവേഷകര്‍. അല്‍ഷിമേഴ്സ് സാധ്യത റെറ്റിനല്‍ പരിശോധനകളിലൂടെ കണ്ടെത്താമെന്നാണ് ആക്റ്റ ന്യൂറോപതോളജിക്ക എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
ലോസാഞ്ചലസിലെ സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്ററിലുള്ള ഗവേഷകരാണ് ഇതേ സംബന്ധിച്ച് പഠനം നടത്തിയത്. ഗവേഷകര്‍ അല്‍ഷിമേഴ്സ് ബാധിച്ച് മരിച്ച 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് പഠനം നടത്തിയത്. സാധാരണ കോഗ്നിറ്റീവ് ഫങ്ഷന് ഉള്ളവര്‍, ആദ്യകാല അല്‍ഷിമേഴ്സിന്റെ ലക്ഷണങ്ങള്‍ ഉള്ളവര്‍, അല്‍ഷിമേഴ്സിന്റെ അവസാനഘട്ടത്തിലുള്ളവര് എന്നിവരുടെ സാമ്പിളുകള്‍ പരസ്പരം താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്.
അല്‍ഷിമേഴ്സ് രോഗമുള്ളവരാണെങ്കില്‍ അവരുടെ റെറ്റിനയില്‍ അമിലോയിഡ് ബീറ്റാ 42 എന്ന അല്‍ഷിമേഴ്സ് സാധ്യത വര്‍ധിപ്പിക്കുന്ന പ്രോട്ടീനിന്റെ അളവ് കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തല്‍. ഇവരില്‍ മൈക്രോഗ്ലിയ എന്ന അല്‍ഷിമേഴ്സ് സാധ്യത വര്‍ധിപ്പിക്കുന്ന കോശങ്ങളും കൂടുതലായിരിക്കും. അല്‍ഷിമേഴ്സിന്റെ പ്രധാന ലക്ഷണമായ മറവി കണ്ടുതുടങ്ങുന്നതിന് മുന്‍പ് തന്നെ രോഗം മസ്തിഷ്കത്തില്‍ ആരംഭിച്ചിരിക്കും. ഇത് നേരത്തെ കണ്ടെത്തിയാല്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാകും.






