
സൂര്യനുള്ളില്‍ വീണ്ടും ദ്വാരം കണ്ടെത്തി നാസ ശാസ്ത്രജ്ഞന്മാര്. ഒരാഴ്ചയ്ക്കിടയില് രണ്ടാം തവണയാണ് ദ്വാരം കണ്ടെത്തുന്നത്. ഭൂമിയേക്കാള്‍ 20 മടങ്ങ് വലിപ്പമുണ്ട്. മണിക്കൂറില്‍ 1.8 ദശലക്ഷം മൈല്‍ സൗരവാതങ്ങള്‍ നമ്മുടെ ഗ്രഹത്തിലേക്ക് അഴിച്ചുവിടുകയാണ് ഈ 'കൊറോണല്‍ ഹോള്‍'. അത് വെള്ളിയാഴ്ച നമ്മെ ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
ഇതില്‍ നിന്നുള്ള കാറ്റ് ഭൂമിയുടെ കാന്തിക മണ്ഡലത്തെയും ഉപഗ്രഹങ്ങളെയും സാങ്കേതികവിദ്യയെയും ബാധിക്കുമോ എന്നറിയാന്‍ ശാസ്ത്രജ്ഞര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മാര്‍ച്ച് 23 നാണ് ആദ്യ ദ്വാരം കണ്ടെത്തിയത്. അത് ഭൂമിയേക്കാള്‍ 30 മടങ്ങ് വലിപ്പമുണ്ടായിരുന്നു. രണ്ടു ദ്വാരങ്ങളും നാസയുടെ സൂര്യനെക്കുറിച്ച് പഠിക്കുന്ന സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി പിടിച്ചെടുത്തിട്ടുണ്ട്.
കൊറോണല്‍ ഹോളുകള്‍ കാന്തികമായി തുറന്ന പ്രദേശങ്ങളാണ്, അത് അതിവേഗ സൗരവാതത്തിന്റെ ഒരു ഉറവിടമാണ് എന്നാണ് നാസ പറയുന്നത്. .സൂര്യനില്‍ കൊറോണല്‍ ഹോളുകള്‍ കാണപ്പെടുന്നത് പതിവാണെന്നും അപകടരഹിതമാണെന്നും അവര്‍ പറയുന്നു. അതേസമയം ഇത് സാറ്റലൈറ്റ് കമ്യൂണിക്കേഷനെയും ഹൈ ആള്‍ട്ടിട്ട്യൂഡ് റേഡിയോ ട്രാന്‍സ് മിഷനുകളെയും ചിലപ്പോഴെല്ലാം തടസ്സപ്പെടുത്തിയേക്കാമെന്നും നാസ പറയുന്നു.






