
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ മദ്യലഹരിയില്‍ യാത്രക്കാര്‍ നിലവിട്ട് പെരുമാറുന്നതിന്റെ വാര്‍ത്തകള്‍ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. ഗുവാഹത്തി -ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തില്‍ മാര്‍ച്ച് 26നാണ് ഒടുവിലത്തെ സംഭവം. അമിതമായി മദ്യപിച്ച യാത്രക്കാരന് സീറ്റുകള്‍ക്കിടയിലെ ഇടനാഴിയില്‍ ഛര്‍ദ്ദിച്ചു, ശുചിമുറിയില്‍ ഉടനീളം വിസര്‍ജ്ജിക്കുകയും ചെയ്തു. ഛര്‍ദ്ദിയുടെ അവശിഷ്ടങ്ങള്‍ കാബിന് ക്രൂ തുടച്ചുനീക്കുന്നതിന്റെ ചിത്രം യാത്രക്കാരില്‍ ഒരാളായ ഭാസ്കര്‍ ദേവ് കോന്‍വാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു.
ഇന്‍ഡിഗോ 6ഇ 762 വിമാനത്തിലാണ് സംഭവം. വിമാനത്തിലെ പ്രധാന വനിത ജീവനക്കാരില്‍ ഒരാളായ ശ്വേതയാണ് ഇടനാഴി വൃത്തിയാക്കാന്‍ മുന്നോട്ടുവന്നത്. അവരെ സഹായിക്കാന്‍ മറ്റ് വനിത ജീവനക്കാരും എത്തി. പെണ്‍കുട്ടികളുടെ ഈ പ്രവൃത്തി അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
വിമാനത്തിന്റെ ഇടനാഴിയില്‍ ഉടനീളം ടിഷ്യൂ പേപ്പര്‍ വിരിച്ച് സ്പ്രേ അടിച്ച് ജീവനക്കാര്‍ ക്ലീന്‍ ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം, യാത്രക്കാരനെതിരെ ഇന്‍ഡിഗോ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
അടുത്തകാലത്താണ് വിമാനയാത്രയ്ക്കിടെ മദ്യലഹരിയില്‍ ഒരു യാത്രക്കാരന് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് വിവാദമായത്. മദ്യലഹരിയില സഹയാത്രികരോടും വിമാനത്തിലെ ജീവനക്കാരോടും വഴക്കിടുന്ന സംഭവങ്ങളുമുണ്ട്.






