
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. പോണ് താരത്തിന് പണം നല്കിയ കേസില്‍ ഡൊണാള്‍ഡ് ട്രംപിനെതിരേ ന്യൂയോര്‍ക്ക് ഗ്രാന്റ് ജൂറി ക്രിമിനല്‍ കുറ്റം ചുമത്താന്‍ നിര്‍ദേശിച്ചു. പോണ് താരം സ്റ്റോര്‍മി ഡാനിയേല്‍സിന് ബന്ധം പുറത്തു പറയാതിരിക്കാന്‍ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും 150,000 ഡോളര്‍ നല്‍കിയെന്ന ആരോപണത്തിലാണ് ട്രംപിനെതിരേ നടപടി.
ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ അടുത്തയാഴ്ച നിര്‍ദേശം നല്‍കും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേണ്ടി ട്രംപ് വീണ്ടും നീക്കം നടത്തുമ്പോഴാണ് നടപടി. ഡൊണാള്‍ഡ് ട്രംപിനെതിരേ കുറ്റം ചുമത്താന്‍ ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് ജൂറി വോട്ട് ചെയ്തതായി മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി വ്യാഴാഴ്ച സ്ഥിരീകരിച്ചു.
2006 ല്‍ നീലച്ചിത്ര നടിയുമായി ഉണ്ടായിരുന്ന ലൈംഗികത സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഒഴിവാക്കുന്നതിന് 2016 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് സ്റ്റോര്‍മി ഡാനിയേല്‍സിന് പണം നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തേ ട്രംപ് ആരോപണം നിഷേധിച്ചിരുന്നു. അതേസമയം 76 കാരനായ ട്രംപ് വൈറ്റ്ഹൗസിലേക്ക് മൂന്നാം ഊഴം പ്രതീക്ഷിച്ച് 2024 ലെ റിപ്പബ്ളിക്കന്‍ നോമിനേഷന് നേടാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതേസമയം ഇതിനെതിരേ കോടതിയില്‍ പോകുമെന്നാണ് ട്രംപ് പറയുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തിലും ട്രംപിന് ഇത് തിരിച്ചടിയാകും. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയ പീഡനവും തിരഞ്ഞെടുപ്പ് ഇടപെടലുമെന്നാണ് ട്രംപിന്റെ പ്രതികരണം. ട്രംപ് ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും നടപടിയെ നിയമനടപടിയിലൂടെ നേരിടുമെന്നും ട്രംപിന്റെ അഭിഭാഷകനും പറഞ്ഞു.






