
കേരളത്തിലെ ഗ്രാമവീഥികളിലൂടെ പോയാല്‍ ഓരോ വളവ് കഴിയുമ്പോഴും ഓരോ ലോട്ടറിക്കാരനെ കാണാം. സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാനായി ആദ്യം അവതരിപ്പിച്ച കേരള ലോട്ടറി ഇപ്പോള്‍ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഒരു പ്രധാന സ്രോതസ്സായി മാറിയിട്ടുണ്ട്. കേരളത്തില്‍ ഏറെ ക്കുറെ 1.5 ലക്ഷം പേരെങ്കിലും ലോട്ടറി ബിസിനസില്‍ നിന്ന് ഉപജീവനം കണ്ടെത്തുന്നുണ്ടെന്നാണ് കണക്ക്.
ഒറ്റ ലോട്ടറി ടിക്കറ്റുകൊണ്ട് ഒരാള്‍ പെട്ടെന്ന് ലക്ഷപ്രഭുവും കോടീശ്വരനുമായി മാറുമ്പോള്‍ അതിനേക്കാള്‍ പ്രധാനമായി കേരളത്തില്‍ ഉടനീളം നടന്ന ലോട്ടറി വില്‍പ്പനയിലൂടെ ഒന്നരലക്ഷം കുടുംബങ്ങളിലെ അടുപ്പുകള്‍ കൂടി പുകയും. 50 മീറ്ററില്‍ ഒരാള്‍ എന്ന കണക്കിലാണ് ലോട്ടറി വില്‍പ്പനക്കാര്‍.
വര്‍ഷം മുഴുവനും ഏഴ് പ്രതിവാര ടിക്കറ്റുകളും അഞ്ച് ബമ്പര്‍ നറുക്കെടുപ്പുകളുമാണ് സംസ്ഥാനം നടത്തുന്നത്. കേരളത്തില്‍ മൂന്നില്‍ ഒരാള്‍ വീതം ദിവസവും ലോട്ടറി ടിക്കറ്റ് വാങ്ങുന്നുണ്ടെന്ന കണക്കില്‍ പ്രതിദിനം 1.8 കോടി ടിക്കറ്റുകളാണ് കേരള സര്‍ക്കാര്‍ അച്ചടിക്കുന്നത്.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലു കൂടിയാണ് ലോട്ടറികള്‍. 2021-22 സാമ്പത്തീക വര്‍ഷത്തില്‍ സര്‍ക്കാരിന് ലോട്ടറി വില്‍പ്പനയിലൂടെ ഏകദേശം 7,145 കോടി രൂപ വരുമാനം ഉണ്ടാക്കാനായെന്നാണ് കണക്ക്, ഏകദേശം 560 കോടി രൂപ ലാഭവും ലഭിച്ചതായി കണക്കാക്കുന്നു.
2023-24ല്‍ 10,000 കോടി രൂപയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യയില്‍ പതിമൂന്ന് സംസ്ഥാനങ്ങളാണ് ലോട്ടറി നടത്തുന്നത്. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തില്‍ 37 ശതമാനം ലോട്ടറിയും മദ്യവുമാണ് സംഭാവന ചെയ്യുന്നതെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു. ഒരു ടിക്കറ്റ് വിജയിച്ചാല്‍, അത് വിറ്റ ഏജന്റിന് പോലും സമ്മാനത്തുകയുടെ ഒരു പങ്ക് ലഭിക്കുമെന്നതിനാള് രണ്ടുപേര്‍ക്കും ഗുണമാകും.
തിരുവനന്തപുരത്തെ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന പ്രതിദിന നറുക്കെടുപ്പ് നടത്തും. നാല് ഔദ്യോഗിക ടിവി ചാനലുകളിലും സര്‍ക്കാര്‍ വകുപ്പിന്റെ യൂട്യൂബ് ചാനലിലും നറുക്കെടുപ്പ് ദിവസവും സംപ്രേക്ഷണം ചെയ്യുന്നു.
ഭാഗ്യ സംഖ്യകള്‍ പുറത്തുവന്നുകഴിഞ്ഞാല്‍, പട്ടിക സര്‍ക്കാരിന്റെ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യപ്പെടും. അത് പിന്നീട് കേരളത്തിലുടനീളമുള്ള ഏജന്റുമാരും വെണ്ടര്‍മാരും ഡൗണ്‍ലോഡ് ചെയ്യുകയും പ്രിന്റ് ചെയ്യുകയും ചെയ്യുന്നു.
മുമ്പ് തൊഴില്‍ ചെയ്യാന്‍ കഴിയാത്തവരും ഭിന്നശേഷിക്കാരുമായിരുന്നു ലോട്ടറി വില്‍പ്പന രംഗത്ത് കുടുതലായി ഉണ്ടായിരുന്നത്. എന്നാല്‍ നിര്‍മ്മാണ മേഖല അടക്കമുള്ള തൊഴില്‍രംഗത്തേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ഇടിച്ചുകയറ്റവും കൂലി താരതമ്യത്തില്‍ ജോലി കുറഞ്ഞതും ലോട്ടറി വില്‍പ്പന മേഖലയിലേക്ക് മുമ്പ് കൂലിപ്പണി ചെയ്തിരുന്ന അനേകരെ എത്തിച്ചിട്ടുണ്ട്.






