
ന്യുഡല്‍ഹി: മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് നീക്കി സുപ്രീം കോടതി. മാധ്യമങ്ങള്‍ എല്ലായ്പ്പോഴും സര്‍ക്കാര്‍ അനുകൂല വാര്‍ത്ത നല്‍കണമെന്ന് വാശിപിടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച്, മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.
ചാനലിന്റെ പ്രവര്‍ത്തനത്തില്‍ ഭീകരബന്ധമുള്ള ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചാനല്‍ ഓഹരിയുടമകള്‍ക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദുമായി ബന്ധമുണ്ടെന്ന വാദം ചാനലിന്റെ പ്രവര്ത്ത അവകാശം തടയുന്നതിന് കാരണമല്ല. ദേശീയ സുരക്ഷയെ ബാധിക്കുന്ന യാതൊന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ്രകമസമാധാനം തകര്‍ക്കുന്നതോ ദേശീയ സുരക്ഷയെ ബാധിക്കുന്നതോ ആയ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ വേണ്ടി ദേശ സുരക്ഷ ഉയര്‍ത്താന്‍ പാടില്ല. ആഭ്യന്തരമന്ത്രാലയം ഗര്വ്വിഷ്ഠമായണ് ഈ വിഷയം ഉന്നയിച്ചത്. മാധ്യമങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചത് ടിവി ചാനല്‍ ലൈസന്‍സ് റദ്ദാക്കാനുള്ള കാരണവുമല്ല. സര്‍ക്കാര്‍ വിമര്‍ശനം സര്‍ക്കാര്‍ വിരുദ്ധ ആകുന്നില്ല.
ജനാധിപത്യ റിപ്പബ്ലികിന്റെ ശരിയായ പ്രവര്‍ത്തനത്തിന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അനിവാര്യമാണ്. ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് പറഞ്ഞ് എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും രഹസ്യാത്മകമാണെന്ന് പറയാന്‍ കഴിയില്ല. വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് അന്ധമായ പ്രതിരോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നാലാഴ്ചയ്ക്കുള്ളില്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും കോടതി നിര്‍ദേശം നല്കി. ലൈസന്‍സ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയേയും ഹൈക്കോടതി നിലപാടിനേയും മേല്‍ക്കോടതി വിമര്‍ശിച്ചു.
രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാനലിന് സെക്യുരിറ്റി ക്ലിയറന്‍സ് നല്‍കാനാവില്ലെന്ന് കാണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംപ്രേക്ഷണ അവകാശം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിഷേധിച്ചത്. ഇത് ചോദ്യം ചെയ്ത് മീഡിയ വണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് ശരിവായ്ക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.






