
ഹൈക്കോടതി ദേവികുളം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് സ്റ്റേയുടെ കാലാവധി നീട്ടിക്കൊടുക്കാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്ത് വിജ്ഞാപനം നിയമസഭാ സെക്രട്ടറി ഉടനടി പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി.
ഇതിനുമുമ്പ് കേരളത്തില്‍ സ്റ്റേയുടെ കാലാവധി തീര്‍ന്ന ഉടന്‍ തന്നെ അംഗത്വം റദ്ദാക്കി നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിയ്ക്കുന്നതാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ കീഴ്വഴക്കം. എന്നാല്‍ സ്വന്തം മുന്നണിയിലെ ദേവികുളം എംഎല്‍എയ്ക്ക് ഈ കീഴ് വഴക്കങ്ങളെല്ലാം മറന്ന് സംരക്ഷണം നല്‍കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ദേവികുളം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത് മാര്‍ച്ച് 20നാണ്. എന്നാല്‍ അദ്ദേഹത്തിന് അനുവദിച്ചിട്ടുള്ള 10 ദിവസത്തെ സ്റ്റേയുടെ കാലാവധി മാര്‍ച്ച് 31 ഓടെ അവസാനിയ്ക്കുകയും ചെയ്യും. കാലാവധി നീട്ടി കിട്ടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തതോടെ രാജയുടെ നിയമസഭാംഗത്വവും ഇല്ലാതായി. എന്നാല്‍ സുപ്രീംകോടതി കേസ് പരിഗണനയ്ക്ക് എടുത്തിട്ടുമില്ല.
ദേവികുളത്ത് മത്സരിയ്ക്കുന്നതിനു വേണ്ടി വ്യാജരേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും, കള്ള രേഖകള്‍ കെട്ടി ചമച്ച കുറ്റത്തിന് എ.രാജയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും, സര്‍ക്കാരിനെ ഭയന്ന് നീതി നിര്വഹിക്കപ്പെടുന്നില്ലന്നും, വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക, രേഖകളില്‍ കൃത്രിമത്വം കാട്ടുക എന്നീ ഗുരുതരമായ കുറ്റങ്ങള്‍ സിപിഐഎമ്മുകാര്‍ ചെയ്താല്‍ ഇവിടെ സര്‍ക്കാരോ, പൊലീസോ മറ്റു സംവിധാനങ്ങളോ അതു കാണാന്‍ ഇല്ലെന്നും നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയാണ് ഇതെന്നും സുധാകരന് കൂട്ടി ചേര്‍ത്തു.






