
തിരുവനന്തപുരം: ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്തതിൽ വിവാദം പുകയുന്നു. ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും എതിരേ പരാതിക്കാരന് രംഗത്ത് വന്നു. കേസ് പരിഗണനയില്‍ ഇരിക്കെ ഇത്തരം കാര്യങ്ങള്‍ ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നാണ് പരാതിക്കാരന് ആർഎസ് ശശികുമാർ പറഞ്ഞു.
മുഖ്യമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പങ്കെടുത്തിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടേയും ഗവർണറുടേയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും വിവാദം അനാവശ്യമാണെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.
അതേസമയം വിരുന്നിനെ കുറിച്ചുള്ള സർക്കാറിന്റെ വാർത്താകുറിപ്പിൽ ലോകായുക്തയുടെ പേര് വെച്ചിരുന്നില്ല. മുഖ്യമന്ത്രിയ്ക്ക് എതിരേ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ നല്കിയ പരാതി പരിഗണനയില്‍ ഇരിക്കുകയാണ്. നേരത്തേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയാതെ ലോകായുക്ത കേസ് ഫുള്‍ബഞ്ചിന്റെ പരിഗണനയിലേക്ക് വിട്ടിരുന്നു. കേസ് 12 ന് വീണ്ടും പരിഗണിക്കും. സര്‍ക്കാരിന് തെല്ല് ആശ്വാസമാകുന്ന വിധ വന്നത് തന്നെ വലിയ വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്ത ജസ്റ്റീസുമാര്‍ പങ്കെടുത്തത്.
ഇതിന് പിന്നാലെയാണ് ലോകായുക്തയിലെ വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായി പറഞ്ഞുകൊണ്ട് കേസിലെ പരാതിക്കാരൻ ആർഎസ് ശശികുമാറും രംഗത്ത് വന്നത്. ക്ഷണം കിട്ടിയാല്‍ പോലും ഇരുവരും ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കേണ്ടവരായിരുന്നു എന്നാണ് ശശികുമാര്‍ പറയുന്നത്. ഈ നടപടി പക്ഷേ ജുഡീഷ്യറിയെ അവഹേളിക്കുന്നതിന് തുല്ല്യമാണെന്നും ഹര്ജിക്കാരന് എന്ന നിലയില്‍ തനിക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ മാത്രമേ ഈ നടപടി ഉപകരിച്ചുള്ളൂ എന്നും പറഞ്ഞു. മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നല്കുന്ന വിധിക്ക് നന്ദി സൂചകമായിട്ടാണ് വിരുന്നില്‍ ഇരുവരേയും ക്ഷണിച്ചതെന്നും ശശികുമാര്‍ വ്യക്തമാക്കി..
ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെ വിരുന്നിലെ ലോകായുക്തയുടെ സാന്നിധ്യത്തെയാണ് പരാതിക്കാരൻ ചോദ്യം ചെയ്യുന്നത്. ഇതിനൊപ്പമാണ് വിരുന്നില്‍ ലോകായുക്ത പങ്കെടുക്കുന്ന വിവരം സര്‍ക്കാര്‍ മറച്ചു വെച്ചതായും ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിരുന്നില്‍ പങ്കെടുത്ത അതിഥികളുടെ പട്ടികയുമായി ബന്ധപ്പെട്ട് പിആർഡി പുറത്തുവിട്ട കുറിപ്പിലും നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയിരുന്നു.






