
ഗുവാഹട്ടി: സുഖോയ് വിമാനത്തില്‍ യാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു. സുഖോയ് 30 എംകെഐ ജെറ്റ് വിമാനത്തില്‍ ആസാമിലെ ഇന്ത്യന്‍ വ്യോമസേനയുടെ ബേസായ തെസ്പൂരില് നിന്നുമാണ് രാഷ്ട്രപതി പറന്നത്. യുദ്ധവിമാനത്തില്‍ പറക്കുന്ന രണ്ടാമത്തെ വനിതാ രാഷ്ട്രപതിയായിട്ടാണ് ഇതോടെ ദ്രൗപതി മുര്മ്മുമാറിയത്. മൂന്ന് ദിവസത്തെ അസം സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രസിഡന്റിന്റെ പറക്കല്‍.
ആദ്യ യാത്ര നടത്തിയത് മൂന് രാഷ്ട്രപതി പ്രതിഭാ പാട്ടീലായിരുന്നു. 2009 ല്‍ പൂനെയിലെ സൈനികതാവളത്തില്‍ നിന്നും സുഖോയ് 30 എംകെഐ (എസ്ബി139) വിമാനത്തിലായിരുന്നു പ്രതിഭാപാട്ടീല്‍ യാത്ര ചെയ്തത്. അതേസമയം ഇന്ത്യയും ചൈനയും കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ യുദ്ധവിമാനത്തിലെ യാത്ര.
അരുണാചല്‍പ്രദേശിലെ അനേകം മേഖലകളാണ് ചൈന തങ്ങള്‍ക്ക് കീഴിലെ സ്വയംഭരണാവകാശ മേഖലകളാണെന്ന് ദീര്‍ഘനാളായി വകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗല്‍വാന്‍ താഴ്വാരത്തെ ഏറ്റുമുട്ടലിന് ശേഷം രണ്ടു രാജ്യങ്ങളും വലിയ സൈനിക വിന്യാസമാണ് എല്‍എസിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചൈനയുടെ ആക്രമണോത്സുകമായ നിലപാടിനെ തുടര്‍ന്ന് സുഖോയ് ഉള്‍പ്പെടെയുള്ള യുദ്ധ സംവിധാനങ്ങള്‍ ഇന്ത്യയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. ചൈനയുടെ ഏതെങ്കിലൂം തരത്തിലുള്ള നീക്കത്തെ ഉടന്‍ തടയുന്നതിനായി പുതിയതായി അവതരിപ്പിച്ച റഫാല്‍ ജെറ്റുകള്‍, മിറേജ് 2000 എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്നും വലിയ യുദ്ധസന്നാഹങ്ങള്‍ നീക്കം ചെയ്യാനും അതിര്‍ത്തിയില്‍ പ്രശ്നം പരിഹരിക്കുന്നതിനുമായി കമാന്റര്‍ തല ചര്‍ച്ചകള്‍ അനേകം തവണയാണ് ഇരു രാജ്യങ്ങളും നടത്തിയിട്ടുള്ളത്.






