
കെ.എസ്.യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചതില്‍ കെപി.സി.സി നിര്‍ദേശം അവഗണിച്ചതായി പരാതി. സംസ്ഥാന ഭാരവാഹി പട്ടികയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. പുനഃസംഘടനാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് ആരോപിച്ച് കെ.എസ്.യുവിന്റെ സംസ്ഥാന ചുമതല വഹിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും, അഡ്വ. ജയന്തും ചുമതലയൊഴിഞ്ഞു. ഇരുവരു സ്ഥാനം ഒഴിയുന്നത് ചൂണ്ടിക്കാണിച്ച് ശനിയാഴ്ച കെ. സുധാകരന് കത്ത് നല്‍കിയിരുന്നു.
45 പേര് മാത്രമായിരുന്നു വി.ടി ബല്‍റാമും, അഡ്വ. ജയന്തും നല്കിയ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ എന്‍.എസ്.യു.ഐ അംഗീകരിച്ച പട്ടികയില്‍ 94 പേരുണ്ട്. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. കെ.എസ്.യുവില്‍ നിന്ന് കെ.എം. അഭിജിത്തിനെ മാറ്റി അലോഷ്യസ് സേവിയറിനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ച് പട്ടിക പുറത്തുവന്നിരുന്നു. എന്നാല്‍, ഇതിനുശേഷം സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ നീണ്ടു. നിലവില്‍ പുനഃസംഘടനാ പട്ടികയ്ക്ക് അംഗീകാരമായെങ്കിലും പുറത്തുവന്നിരിക്കുന്നത് ഒരു ജംബോ പട്ടികയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
രണ്ട് വൈസ് പ്രസിഡന്റുമാരായിരുന്നു നേരത്തെ അലോഷ്യസ് സേവറിനൊപ്പം നിയമിതരായത്. എന്നാല്‍, പുതിയ പട്ടികയില്‍ ഇരുവരെയും സീനിയര്‍ വെസ് പ്രസിഡന്റുമാരായി ഉയര്‍ത്തുകയും മറ്റ് നാല് പേരെ വൈസ് പ്രസിഡന്റുമാരായി നിയമിക്കുകയും ചെയ്തു. ഇതിനു പുറമെ മറ്റ് പലരേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.
വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം സംസ്ഥാന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. അഞ്ച് ദിവസത്തിനകം ഇതിന് പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി.






