
തിരുവനന്തപുരം: പാന്റിന് മുകളില്‍ കൂടി സ്ത്രീകളുടെ അടിവസ്ത്രം ഇട്ടുകൊണ്ടു നാട്ടുകാര്‍ക്ക് മുന്നിലൂടെ ചുറ്റിയടിച്ച യുവാവിനെ നാട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ പോലീസ് പൊക്കി. ആറ്റിങ്ങലില്‍ നടന്ന സംഭവത്തില്‍ കാരേറ്റ് തളിക്കുഴി സ്വദേശി അര്ജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാങ്ക് വീഡിയോ ചിത്രീകരണമെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ബസ് സ്റ്റാന്റും ബസ് സ്റ്റോപ്പും ഉള്‍പ്പെടെ ആള്ക്കാര് കൂടിയ സ്ഥലങ്ങളിലെല്ലാം ഈ വേഷം ധരിച്ച് യുവാവ് നടക്കാന്‍ തുടങ്ങിയതോടെ നാണം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിളിച്ചു പറയുകയായിരുന്നു. പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളുമെല്ലാം ഉള്ള സ്ഥലങ്ങളിലൂടെയായിരുന്നു യുവാക്കളുടെ സഞ്ചാരം. തുടര്‍ന്ന് പോലീസ് രണ്ടുപേരെയും പിടികൂടുകയും സ്റ്റേഷനില്‍ കൊണ്ടുപോയി അശ്ളീല രീതിയിലുള്ള വസ്ത്രം അഴിപ്പിക്കുകയും ചെയ്തു.
അര്‍ജുനാണ് പാന്റിന് മുകളില്‍ അടിവസ്ത്രം ധരിച്ച് എത്തിയത്. സുഹൃത്ത് ഇവ ചിത്രീകരിക്കുന്നുണ്ടെന്നാണ് ഇയാള്‍ പറഞ്ഞത്. പോലീസ് എത്തിയപ്പോഴും അര്ജുന് ഇതേ രീതിയില്‍ തന്നെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ തൊട്ടടുത്തുള്ള കാറിലിരുന്ന് സുഹൃത്ത് ഇവ ചിത്രീകരിക്കുന്നുണ്ടെന്നു പറഞ്ഞു. ഇതോടെ സുഹൃത്തിനെയും പൊലീസ് പൊക്കി. പൊതുസ്ഥലത്ത് മോശമായി പ്രത്യക്ഷപ്പെട്ടതിന് ഇരുവര്‍ക്കുമെതിരേ കേസ് എടുത്തെങ്കിലും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.






