
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ശേഷം ഇടവേള അവസാനിപ്പിച്ച് ബോളിവുഡ് നടി റിയാ ചക്രബര്‍ത്തി ലൈംലൈറ്റിലേക്ക് മടങ്ങിവരുന്നു. എംടിവിയിലെ 'എംടിവി റോഡീസ്' എന്ന റിയാലിറ്റിഷോയില്‍ പ്രിന്‍സ് നെരൂലയ്ക്കും ഗൗതം ഗുലാത്തിയ്ക്കുമൊപ്പം ഗ്യാംഗ് ലീഡര്‍ വേഷത്തിലാണ് താരത്തിന്റെ മടക്കം.
ടൂണീഗാ ടുണീഗാ എന്ന തെലുങ്ക് സിനിമയിലൂടെ എത്തിയ താരം പിന്നീട് മേരി ഡാഡി കി മാരുതി, ഹാഫ് ഗേള്‍ഫ്രണ്ട് എന്നീ സിനിമകളിലൂടെ ബോളിവുഡിലുമെത്തി. 2021 ന് ശേഷം സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. അമിതാഭ് ബച്ചനും ഇമ്രാന്‍ഹഷ്മിയും ക്രിസ്റ്റില്‍ ഡിസൂസയുമെല്ലാം അഭിനയിച്ച ചെഹരയായിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തുവന്ന സിനിമ. യുവനടന് സുശാന്ത് സിംഗ് രജപുത്തുമായി ബന്ധപ്പെട്ട് വിവാദത്തിലായ ശേഷം താരം സിനിമയില്‍ അഭിനയിച്ചിരുന്നില്ല.
എംടിവി റോഡീസിന്റെ കര്‍മ യാ കാണ്ഡ് എന്ന പരിപാടിയുടെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് താനെന്നും നടന് സോനുസൂദിനും മറ്റു ഗ്യാംഗ് ലീഡര്‍മാര്‍ക്കും ഒപ്പം ഒരു രസകരമായ യാത്രയ്ക്കും അതിലൂടെ തന്റെ ധൈര്യവും നിശ്ചയദാര്‍ഡ്യവും പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. പരിപാടിയുടെ പ്രമോ ചാനല്‍ പുറത്തുവിട്ടു. ഇതില്‍ താരം ഇങ്ങിനെ പറയുന്നു '' നിങ്ങളെന്താണ് വിചാരിച്ചത്. ഞാന്‍ തിരിച്ചു വരില്ലെന്നാണോ? ഞാന്‍ പേടിക്കുമെന്നാണോ? ഇത് മറ്റുള്ളവര്‍ക്ക് പേടിക്കാനുള്ള സമയമാണ്. ഓഡീഷനില്‍ കാണാം.''






