
കോവിഡ് ലോകമെമ്പാടും വളരെ അധികം ഭീതി വിതച്ചു. കോവിഡ് ബാധിച്ച പലര്‍ക്കും അവരുടെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനായി ഇപ്പോഴും കഴിഞ്ഞട്ടില്ല. രോഗം മൂലം ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ അവരില്‍ പലരെയും ഇപ്പോഴും അലട്ടുന്നുണ്ട്. അമേരിക്കകാരിയായ ജെന്നിഫര്‍ ഹെന്ഡേഴ്സണ് അങ്ങനെ ഒരാളാണ്. 2021 ജനുവരിയിലാണ് ഇവരെ രോഗം ബാധിച്ചത്. അതിനെ തുടര്‍ന്ന് ജെന്നിഫറിന് രുചിയും മണവും നഷ്ടമായിരുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗന്ധം തിരിച്ചറിയാനുള്ള ശേഷി അവര്‍ക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. കോഫിയുടെ മണം തിരിച്ചറിഞ്ഞ ജെന്നിഫര്‍ കരഞ്ഞു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വികാര നിര്‍ഭരമായ ആ വീഡിയോ വൈറലാണ്.
ക്ലെവ്ലാന്ഡ് ക്ലിനിക് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.ആശുപത്രി കിടക്കയിലുള്ള ജെന്നിഫറിന് ഒരാള്‍ ഒരു കപ്പ് കാപ്പി നല്‍കുകയായിരുന്നു. മണം തിരിച്ചറിഞ്ഞ ജെന്നിഫറിന്റെ കണ്ണുകള്‍ സന്തോഷത്താല്‍ ഈറനണിയുന്നതായും വീഡിയോയില്‍ കാണാം. ഈ വീഡിയോ രണ്ടര ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. കോവിഡിന് ശേഷം ഇഷ്ടഭക്ഷമങ്ങളോടെല്ലാം അസഹനീയമായ രുചിയും മണവുമാണ് ജെന്നിഫറിന് അനുഭവപ്പെട്ടത്.
ഇഷ്ടഭക്ഷണം കഴിക്കുമ്പോള്‍ മാലിന്യം കഴിക്കുന്നതുപോലെയാണ് തോന്നിയിരുന്നതെന്ന് ജെന്നിഫര്‍ പറയുന്നു. ചിക്കന്‍ വിഭവങ്ങള്‍ക്ക് ചീഞ്ഞളിഞ്ഞ മാംസത്തിന്റെ ഗന്ധവവും രുചിയുമായിരുന്നു. വെളുത്തുള്ളിക്കും നേന്ത്രപ്പഴത്തിനും ലോഹത്തിന്റെ രുചിയാണ് അനുഭവപ്പെട്ടത്. അമേരിക്കന്‍ സാലഡായ റാഞ്ച് ഡ്രസ്സിങ്ങിനും പീനട്ട് ബട്ടറിനും രാസവസ്തുക്കളുടെ രുചിയായിരുന്നു. ശരീരം തളര്ന്നുപോകാതിരിക്കാനായി ഇതെല്ലാം കഷ്ടപ്പെട്ടാണ് അവര്‍ കഴിച്ചിരുന്നത്.
ഗന്ധപരിശീലനവും അക്യുപങ്ചറും പരീക്ഷിച്ചുനോക്കിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. അതിന് ശേഷമാണ് സ്റ്റെല്ലേറ്റ് ഗാംഗ്ലിയോന് ബ്ലോക്ക് (എസ്.ജി.ബി) എന്ന ചികിത്സാരീതി പരീക്ഷിച്ചത്. ഈ ചികിത്സ പരീക്ഷിക്കുന്നത് വേദനകള്‍ക്കും മാനസിക സമ്മര്‍ദ്ദത്തിനും പരിഹാരമായിയാണ്. കഴിഞ്ഞ ഡിസംബറില്‍ ജെന്നിഫര്‍ ഈ ചികിത്സയ്ക്ക് വിധേയായി. ആദ്യ ഇന്ജക്ഷന് എടുത്തു. അതിനുശേഷം മണവും രുചിയും തിരിച്ചുവരാന്‍ തുടങ്ങിയെന്നും അവര്‍ പറയുന്നു.






