ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 223 ദിവസത്തിനുള്ളിലെ ഉയര്‍ന്ന രോഗബാധയാണിത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 40,125 ആയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
16 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,31,016 ആയി. ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ രണ്ടു വീതവും ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോന്നുവിതവും മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിന്റെ കണക്കിലേക്ക് അഞ്ച് മരണങ്ങള് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ഇന്നലെ 5,676 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആകെ രോഗബാധിതരുടെ എണ്ണം 4,47,76,002 ആയി. ആകെ രോഗികളില്‍ സജീവ രോഗികള്‍ 0.09% ആണ്. രോഗമുക്തി നിരക്ക് 98.72 ശതമാനവും. മരണനിരക്ക് 1.19 ശതമാനവുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒന്നിനാണ് ഇതിനു മുന്‍പ് 7,946 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1774 പേരില്‍ സ്ഥിരീകരിച്ചത്് ഒമിക്രോണിന്റെ XBB1,16 വകഭേദമാണ്. 230 പേരിലാകട്ടെ XBB1,16,1 വകഭേദവും.
ഇതുവരെ 220.66 കോടി ഡോസ് വാക്സിന് വിതരണം ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.






