
കോട്ടയം: കെ.എസ്.യു. പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തതിലും കോട്ടയം ഡി.സി.സി. ഓഫീസില്‍ പോലീസ് കയറി അതിക്രമം നടത്തിയതിലും പ്രതിഷേധിച്ച് നിരാഹാരം അനുഷ്ഠിച്ച ഉമ്മന്‍ ചാണ്ടിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സമരത്തിന് കാല് നൂറ്റാണ്ട്.
എസ്.എസ്.എല്‍.സി. പരീക്ഷാ കാലത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തിയ നയനാര്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ അന്നത്തെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ജെ. ജോസഫിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് കേരളത്തെ പിടിച്ചുലച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ തുടക്കമായിരുന്നു.
പിണറായി വിജയനായിരുന്നു അന്ന് വൈദ്യുതി മന്ത്രി. കെ.എസ്.യു മാര്‍ച്ചിനു നേരേയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനെതിരേ പിറ്റേന്ന് കോട്ടയത്തു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചു. 10 മണിയോടെ കോട്ടയം ഡി.സി.സിയില്‍ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ചു. ജാഥ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിനു മുന്നിലൂടെ പുളിമൂട് ജങ്ഷനിലേക്ക് നീങ്ങിയപ്പോള്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസെത്തി മാര്‍ച്ച് തടയുകയും സമരക്കാര്‍ക്ക് നേരേ ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.
പോലീസ് മര്‍ദനത്തില്‍ നിന്ന് രക്ഷ നേടാന്‍ വിദ്യാര്‍ഥികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് ഓടിക്കയറി. ചില വിദ്യാര്‍ഥികള്‍ പോലീസിനെ കണ്ട് ഡി.സി.സി. ഓഫീസിന്റെ ഒന്നാം നിലയില്‍നിന്നു ചാടി. ഒരു വിദ്യാര്‍ഥിയുടെ കലൊടിഞ്ഞു. സമരത്തിന് നേതൃത്വം കൊടുത്ത ഇപ്പോഴത്തെ കെ.പി.സി.സി. െവെസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്, ഇപ്പോഴത്തെ കോട്ടയം ഡി .സി. സി. പ്രസിഡന്റ് നാട്ടകം സുരേഷ്, നിലവിലെ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം നിബു ജോണ്‍ തോമസ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം പി.എ. ഷമീര്‍ എന്നിവരെ ഡി.സി.സി. ഓഫീസില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തു സബ് ജയിലിലേക്ക് കൊണ്ടുപോയി.
സംഭവമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്േറ്റഷനിലേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഈ സമയം പാലായില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഉമ്മന്‍ ചാണ്ടിയെ കോട്ടയത്തെ നേതാക്കള്‍ വിവരം അറിയിച്ചു. എല്ലാ പരിപാടികളും മാറ്റിവച്ച് ഉമ്മന്‍ ചാണ്ടി നേരേ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലേക്കെത്തി. ഡി.സി.സി. ഓഫീസില്‍ കയറി അതിക്രമം കാണിച്ചതിലും കെ.എസ്.യു. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതിലും പ്രതിഷേധിച്ച് ഉമ്മന്‍ ചാണ്ടി പോലീസ് സ്േറ്റഷന് മുമ്പില്‍ നിരാഹാര സമരം ആരംഭിച്ചു. പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുക്കണം എന്നതായിരുന്നു ആവശ്യം. എന്നാല്‍ നായനാര്‍ സര്‍ക്കാര്‍ അതിന് വിസമ്മതിച്ചു.
സമരക്കാരുടെ ബാഹുല്യത്താല്‍ മൂന്ന് ദിവസം അടുപ്പിച്ച് കോട്ടയം നഗരം സ്തംഭിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പോലീസ് അറസ്റ്റ് ചെയ്ത് കോട്ടയം സബ്ജയിലിലേക്ക് കൊണ്ടുവന്നു. കെ.എസ്.യു. പ്രവര്‍ത്തകരെ ഇട്ടിരുന്ന അതേ സെല്ലില്‍ കഴിയണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി എത്തിയതോടെ ജയിലില്‍ കിടന്ന പ്രവര്‍ത്തകരും നിരാഹാര സമരം ആരംഭിച്ചു.
ആദ്യ ദിവസം കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കൊപ്പം പായ് വിരിച്ച് തറയിലാണ് ഉമ്മന്‍ചാണ്ടി കിടന്നത്. രാവിലെ തറയില്‍നിന്ന് എഴുനേല്‍ക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടുന്നതു കണ്ട വി.പി. സജീന്ദ്രന് ജയിലിന് തൊട്ടടുത്ത് താമസിച്ചിരുന്ന പാലാ കെ.എം. മാത്യുവിന്റെ വീട്ടില്‍ നിന്ന് ഒരു ബെഞ്ചും ടേബിള്‍ ഫാനും കൊണ്ടുവരാന്‍, ജയിലില്‍ തങ്ങളെ കാണാന്‍ വന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ജയില്‍ സൂപ്രണ്ടിന്റെ അനുവാദത്തോടെ കൊണ്ടുവന്ന ആ ബെഞ്ചില്‍ കിടക്കാന്‍ സന്നദ്ധനായതുമാത്രമാണ് ഉമ്മന്‍ ചാണ്ടി ജയിലില്‍നിന്ന് സ്വീകരിച്ച ഏക ആനുകൂല്യം!
ജയില്‍ എത്തുമ്പോഴേ ഉമ്മന്‍ ചാണ്ടി ക്ഷീണിതനായിരുന്നു. ഉച്ചയ്ക്ക് കോട്ടയം ടി .ബി യില്‍ ഭക്ഷണം പറഞ്ഞിരുന്നെങ്കിലും അത് കഴിക്കാന്‍ നില്‍ക്കാതെ അദ്ദേഹം പോലീസ് സ്റ്റേഷനിലെത്തി നിരാഹാര സമരം പ്രഖ്യാപിക്കുകയായിരുന്നു. ജയിലിലെ നിരാഹാരസമരം ദിവസങ്ങളോളം നീണ്ടു. ഇതോടെ സംഭവം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. മുഖ്യമന്ത്രി ഇ.കെ.നായനാര്‍ക്ക് വേണ്ടി കോട്ടയം എം. എല്‍. എകൂടിയായ മന്ത്രി ടി. കെ. രാമകൃഷ്ണന് ജയിലിലെത്തി ഉമ്മന്‍ ചാണ്ടിയുമായികൂടിക്കാഴ്ച നടത്തി സമരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഡി.സി.സി. ഓഫീസ് അടിച്ചുതകര്‍ത്ത പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാതെ സമരം പിന്‍വലിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു ഉമ്മന്‍ ചാണ്ടി.
നിരാഹാര സമരം ഒരാഴ്ച പിന്നിട്ടതോടെ ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില വഷളായി. അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ജയില്‍ അധികൃതരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെയും അദ്ദേഹം നിരാഹാര സമരം തുടര്‍ന്നു. ജയിലില്‍ കഴിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോഗ്യനിലയും മോശമായി. അവരെയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മറ്റ് മാര്‍ഗമില്ലാതെ സര്‍ക്കാര്‍ എസ്.എസ്.എല്‍.സി. പരീക്ഷാ കാലത്തെ പവര്‍ കട്ട് പിന്‍വലിച്ചു. ഡി.സി. സി. ഓഫീസ് അടിച്ചു തകര്‍ത്ത പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇതേതുടര്‍ന്ന് ഉമ്മന്‍ ചാണ്ടി നിരാഹാര സമരം അവസാനിപ്പിച്ചു. അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് വയലാര്‍ രവി കോട്ടയം മെഡിക്കല്‍ കോളജിലെത്തി നാരങ്ങാനീര് നല്‍കിയാണ് ഉമ്മന്‍ ചാണ്ടിയുടെ നിരാഹാര സമരം അവസാനിപ്പിച്ചത്.






