കൊച്ചി: സിറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ ബിജെപി അനുകൂല പ്രസ്താവനയെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. മോദിയെ വിജയിച്ച നേതാവായി അഭിനന്ദിക്കുന്ന അഭിമുഖത്തില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ഇന്ത്യയില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കര്‍ദിനാളിന്റെ പരാമര്‍ശം സമകാലീന ക്രിസ്ത്യന്‍ ന്യൂനപക്ഷ വേട്ടയെ വല്ലാതെ ലളിതവത്കരിക്കുന്ന പ്രസ്താവനയായിപോയെന്ന വിമര്‍ശനം വ്യാപകമാണ്. 2023 ഫെബ്രുവരി 20ന് ഡല്‍ഹി ജന്തര്‍ മന്ദിര്‍ ജനസാന്രദ്മായതെന്തിനാണെന്ന കാര്യം കര്‍ദിനാള്‍ മറഞ്ഞുപോയതാകാം. ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ ഉയരുന്ന ആക്രമണങ്ങള്‍ എണ്ണിപ്പറയുന്ന 'സത്യദീപം', മതംമാറ്റ നിരോധന നിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലുടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കര്‍ദിനാള്‍ കാണാതെ പോയതാവാമെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ബി ജെ പിക്ക് സമ്പൂര്‍ണ്ണാധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് ഇപ്പോള്‍ കരുതാനാകില്ലെന്ന് കര്‍ദിനാള്‍ ആവര്‍ത്തിക്കുമ്പോഴും, കേരളത്തിനു പുറത്ത് ക്രൈസ്തവര്‍ക്ക് കാര്യങ്ങള്‍ ശുഭകരമല്ലെന്ന് തന്നെയാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ബാംഗ്ളൂര്‍ ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ മച്ചാഡോ, സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും സത്യദീപം ചര്‍ച്ചാവിഷയമാക്കുന്നു. ഭാരതീയ കത്തോലിക്കാ സഭയിലെ ഉത്തരവാദിത്വപ്പെട്ട ആര്‍ച്ചുബിഷപ്പ് നയിക്കുന്ന അതീവഗരുതരമായ ഇത്തരം ആശങ്കകളെ അവഗണിച്ചുകൊണ്ട് ഇന്ത്യയില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് കര്‍ദിനാള്‍ പറയുമ്പോള്‍ സുരക്ഷിതത്വത്തിന്റെ അര്‍ത്ഥവും, അത് ഏതാനും പേരുടെ മാത്രമെന്ന അനര്‍ത്ഥവും തമ്മില്‍ വല്ലാതെ കൂടിക്കുഴയുന്നുണ്ട്. ഇക്കാര്യത്തില്‍ അഖിലേന്ത്യാ മെത്രാന് സമിതിയുടെ (സിബിസിഐ) നിലപാട് എന്തെന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും സത്യദീപം പറഞ്ഞുവയ്ക്കുന്നു.
ഗോള്‍ വാര്‍ക്കറുടെ 'വിചാരധാര'യില്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ക്രിസ്ത്യാനികളും, മുസ്ലീമുകളും, കമ്മ്യൂണിസ്റ്റുകാരും ഇന്നും മാറ്റമില്ലാതെ തുടരുമ്പോള്‍, സഭാനേതൃത്വത്തിന്റെ വിചാരധാരയില്‍ അടിയന്തിരമാറ്റമുണ്ടായതിന്റെ അടിസ്ഥാനമെന്തെന്നതില്‍ വിശ്വാസികള്‍ അത്ഭുതപ്പെടുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ഏതാനും ക്രിസ്ത്യന്‍ വീടുകളിലും, അരമനകളിലും ബി ജെ പി നേതാക്കള്‍ നടത്തിയ സന്ദര്‍ശനം രാഷ്ട്രീയപ്രേരിതമല്ലായിരുന്നുവെന്ന് സമര്‍ത്ഥിക്കുമ്പോഴും, സന്ദര്‍ശനത്തിലെ രാഷ്ട്രീയം മതേതര കേരളത്തിന് മനസ്സിലാകുന്നുണ്ട്. വിരുന്നു വന്നവരോട് സ്റ്റാന്‍സ്വാമി കൊല്ലപ്പെട്ടതെങ്ങനെയെന്നും കാന്ദമാലില്‍ ഇപ്പോഴും നീതി വൈകുന്നതെന്തുകൊണ്ടെന്നും ചോദിക്കാതെ തങ്ങളുടെ 'രാഷ്ട്രീയമര്യാദ' മെത്രാന്മാര് കാണിച്ചു. ക്രൈസ്തവര്‍ക്കെതിരെ രാജ്യത്താകെ പെരുകുന്ന ആള്‍ക്കൂട്ടാക്രമങ്ങളെ അപലപിക്കാതെ കുറ്റകരമായ മൗനം തുടരുന്ന പ്രധാനമന്ത്രിയെ, ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി കത്തീഡ്രലില്‍ പ്രാര്‍ത്ഥനാഗീതം കേള്‍പ്പിച്ച് മടക്കിയ സഭാ നേതൃത്വം അതേ കുറ്റത്തില്‍ നിശ്ശബ്ദ പങ്കാളിയായി.
ഏകശിലാത്മകമായ ഭൂരിപക്ഷാധിത്യം ഏകാധിത്യ പ്രവണതകളോടെ ഭാരതത്തില്‍ ചുവടുറപ്പിക്കുന്ന പുതിയ കാലത്ത്, ജനാധിപത്യവും മതേതരത്വവും അപരിചിതമാകുന്ന അപകടസാധ്യതകളെക്കുറിച്ച് പുറത്തുപറയുകയെന്ന ഉത്തരവാദിത്വം നിസ്സാരനേട്ടങ്ങള്‍ക്കുവേണ്ടി നിറവേറ്റാതിരുന്നാല്‍ കാലം മാപ്പ് തരില്ല. സഭാനേതൃത്വം ഇത് മറന്നുപോകരുത്.- സത്യദീപം മുന്നറിയിപ്പ് നല്കുന്നു.






