
ബിലാസ്പൂര്‍: ലവ് ജിഹാദ് എന്നുപറഞ്ഞ് ബഹളമുണ്ടാക്കുന്ന ബിജെപി നേതാക്കള്‍ തങ്ങളുടെ പെണ്മക്കള് മുസ്ളീങ്ങളെ വിവാഹം ചെയ്താല്‍ അതിനെ പ്രണയമെന്ന് വിളിക്കുമോ 'പ്രണയ ജിഹാദ്' എന്ന് വിളിക്കുമോയെന്ന് ചോദിച്ച് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. സ്വന്തം മക്കള്‍ മുസ്ളീങ്ങളെ വിവാഹം കഴിച്ചാല്‍ അത് അവര്‍ പ്രണയമാക്കും മറ്റുള്ളവര്‍ ഇങ്ങിനെ ചെയ്താല്‍ ജിഹാദ് ആക്കുമെന്നും പറഞ്ഞു.
ചത്തീസ്ഗഡിലെ ബെനേത്താര ജില്ലയിലെ ബിരാന്‍പൂരില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വര്‍ഗ്ഗീയ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. മിശ്രവിവാഹങ്ങളാണ് ഇവിടെ കലാപത്തിന് കാരണമായതെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങളാണ് ഭൂപേഷ് ബാഗലിനെ ചൊടിപ്പിച്ചത്. ബീരാന്പൂരിലെ കലാപത്തില്‍ നിന്നും രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് ബിജെപി നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ യഥാര്‍ത്ഥ കാരണമെന്നും അവര്‍ക്കറിയേണ്ട. അത് പഠിക്കാന്‍ ശ്രമിക്കത്തുമില്ല. എന്തെങ്കിലും കേട്ടാല്‍ ഉടന്‍ ബന്ദ് പ്രഖ്യാപിക്കാന്‍ ബിജെപിക്കാര്‍ ചാടി വരും. രണ്ടു കുട്ടികള്‍ തമ്മിലുള്ള പ്രശ്നമാണ് വര്‍ഗ്ഗീയ കലാപമായത്. സംഭവത്തില്‍ ഒരാള്‍ക്ക് ജീവന് നഷ്ടമായതിനെ ന്യായീകരിക്കുന്നില്ല. എന്നാല്‍ അതില്‍നിന്നും ബിജെപി രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ അനുവദിക്കാനാകില്ല.
''നാഴികയ്ക്ക് നാല്‍പ്പതുവട്ടം അവര്‍ ലവ് ജിഹാദിനെക്കുറിച്ച് പറയും. ചത്തീസ്ഗഡിലെ ചില ബിജെപി നേതാക്കളുടെ പെണ്മക്കള് മുസ്ളീങ്ങളെ വിവാഹം കഴിച്ചിട്ടുണ്ട്. അതിനെ ഇവര്‍ ലവ് ജിഹാദെന്ന് പറയുമോ? അവരെ എന്താണ് ലവ് ജിഹാദിന്റെ പട്ടികയില്‍ പെടുത്താത്തത്. എന്താ ഇത് ലവ് ജിഹാദല്ലേ? ചെയ്തത് അവരുടെ പെണ്മക്കള് ആയതിനാല്‍ അത് പ്രണയമാണ്. മറ്റുള്ളവര്‍ ചെയ്താല്‍ അത് ജിഹാദാകും. അവര്‍ അവരുടെ മുസ്ളീങ്ങളായ മരുമക്കളെ മന്ത്രിമാരും എംപിമാരുമാക്കി മാറ്റും എന്നിട്ട് മറ്റുള്ളവരെ വിവിധ നിയമത്തിന് കീഴില്‍ കുരുക്കും'' '' ബാഗല് പറഞ്ഞു.
അതുപോലെ തന്നെ ലവ് ജിഹാദ് അവസാനിപ്പിക്കാന്‍ ബിജെപി എന്തുചെയ്തു എന്നു ചോദിക്കുന്ന ബാഗല് അവര്‍ക്ക് വേണ്ടത് ഇതില്‍ നിന്നുള്ള രാഷ്ട്രീയനേട്ടം മാത്രമാണെന്നും പറഞ്ഞു.
ഏപ്രില്‍ 8 ന് രണ്ടു കുട്ടികള്‍ തമ്മിലുള്ള വഴക്കാണ് വര്‍ഗ്ഗീയ കലാപത്തിലേക്ക് നീണ്ടത്. സംഭവത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും മൂന്ന് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഗ്രാമത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരെയായി മുസ്ളീം വിഭാഗത്തിലെ രണ്ടു പേരെ തലയ്ക്ക് പരിക്കേറ്റ് മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.






