
ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജുസാംസണിന് ഇത് ബെസ്റ്റ് ടൈമാണ്. ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചില്ലെങ്കിലും ഐപിഎല്‍ ഈ സീസണില്‍ കളിച്ച നാലില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സഞ്ജുവിന്റെ രാജസ്ഥാന് റോയല്‍സ്. ധോണിയുടെ ചെന്നൈ സൂപ്പര്കിംഗ്സിനെയാണ് രാജസ്ഥാന് റോയല്‍സ് അവസാനമായി വീഴ്ത്തിയത്. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന് സഞ്ജുവിന് 12 ലക്ഷം പിഴയിട്ടു.
ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിലായിരുന്നു മത്സരം. അവസാന ഓവര്‍ വരെ ജയാപജയങ്ങള്‍ മാറിമാറി നിന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. മത്സരം ജയിച്ചെങ്കിലും ബാറ്റിംഗില്‍ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. രവീന്ദ്രജഡേജയുടെ പന്തില്‍ റണ്‍സ് എടുക്കും മുമ്പ് സഞ്ജുവിന്റെ കുറ്റി തെറിക്കുകയായിരുന്നു. എന്നാല്‍ മറുപടിയ്ക്ക് ഇറങ്ങിയ ചെന്നൈയെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫിനിഷര്‍ ധോണിയും ഓള്‍റൗണ്ട് മികവ് കൊണ്ട് അമ്പരപ്പിക്കുന്ന രവീന്ദ്രജഡേജയും ക്രീസില്‍ നില്‍ക്കുമ്പോഴാണ് രാജസ്ഥാന് വിജയം പിടിച്ചെടുത്തത്.
രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈയ്ക്ക് തിരിച്ചടിയായി മറ്റൊരു തലവേദന കൂടി ഉണ്ടായി. നായകന് ധോണിയ്ക്കും ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ സിസാന്ഡാ മഗാലേയ്ക്കും പരിക്കേറ്റു. കാല്‍മുട്ടിനാണ് ധോണിയ്ക്ക് പരിക്കേറ്റത്. ധോണിയുടെ പരിക്ക് സാരമല്ലെങ്കിലും മഗാലേയ്ക്ക് പത്തു ദിവസമെങ്കിലും കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരും. ഐപിഎല്ലില്‍ ഒരു ടീമിന്റെ നായകനായി ധോണി 200 ാം മത്സരമാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. ഐപിഎല്ലില്‍ 213 മത്സരങ്ങളില്‍ ധോണി ടീമിനെ നയിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്കിംഗ്സിനെയാണ് താരം 200 മത്സരങ്ങളില്‍ നയിച്ചത്.





