
ന്യൂഡല്‍ഹി : ജാതി സെന്‍സസ് ആവശ്യപ്പെട്ട പ്രധാനമന്ത്രിക്ക് കത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. ജാതി സെന്‍സസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കത്തില്‍ പറയുന്നു. പിന്നോക്ക വിഭാഗക്കാരുടെ ശാക്തീകരണത്തിനും സാമൂഹിക നീതി ഉറപ്പാക്കാനും സെന്‍സസ് അത്യാവശ്യമാണ്.
സെന്‍സസ് നടത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നു 2021ല്‍ നടക്കേണ്ട പൊതു സെന്‍സസും അടിയന്തിരമായി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.പുതുക്കിയ ജാതി സെന്‍സിന്റെ അഭാവം അര്‍ത്ഥവത്തായ സാമൂഹ്യനീതിക്കും ശാക്തീകരണ പരിപാടികള്‍ക്കും പ്രത്യേകിച്ച് ഒബിസികള്‍ക്ക് വളരെ അത്യാവശ്യമായ ഒരു വിശ്വസനീയമായ ഡാറ്റാബേസ് അപൂര്‍ണ്ണമാകുമെന്നതില്‍ ആശങ്കയുളളതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തില്‍ പറയുന്നു.
2011ല്‍ മന്മോഹന് സിംഗ് സര്‍ക്കാര്‍ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് എടുത്തെങ്കിലും ഇതുവരെ അത് പ്രസിദ്ധപ്പെടുത്താന്‍ ഒരു സര്‍ക്കാരും തയ്യാറായില്ല. 2021ലെ സെന്‍സസില്‍ നിര്‍ബന്ധമായും ജാതി കോളം കൂടി ഉള്‍ക്കൊള്ളിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പല പ്രാവശ്യം ഉറപ്പ് നല്‍കിയിരുന്നു. 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസില്‍ തെറ്റുള്ളതിനാല്‍ ജോലി, വിദ്യാഭ്യാസം, തിരഞ്ഞെടുപ്പ്, സംവരണം എന്നിവക്ക് ഇതിനെ ആശ്രയിക്കാനാകില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. 2011ലെ സെന്‍സസ് ജനങ്ങളില്‍ നിന്ന് ബോധപൂര്‍വം മറച്ചുവെച്ചുകൊണ്ടാണ് കേന്ദ്രം ഈ തെറ്റായ പ്രസ്താവന നടത്തിയിട്ടുള്ളത്. 2011ലെ കണക്കുകളില്‍ നിറയെ അബദ്ധങ്ങളായതിനാല് അത് ഉപയോഗിക്കാതെ രജിസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയും.
മഹാരാഷ്ട്ര, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ നിയമസഭകള്‍ ജാതി സെന്‍സസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിട്ടുണ്ട്. കേന്ദ്രം ഇതിന് തയ്യാറല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജാതി സെന്‍സസ് നടത്തുമെന്ന് ഒഡീഷ അടക്കം ചില സംസ്ഥാനങ്ങള്‍ ഇതിനകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭാ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ബീഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കുകയും സെന്‍സസ് നടപടികള്‍ ആരംഭിച്ചു മുന്നോട്ട് പോയി എന്നാല്‍ ഇതിനെതിരായി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പെറ്റീഷന് തളളി കോടതി വിധി പുറത്തുവന്നിരിക്കുന്നു.ജാതി സെന്‍സസ് നടത്താതെ സംവരണം എങ്ങനെ നിര്‍ണയിക്കുമെന്ന് ചോദിച്ചുകൊണ്ടാണ് ബിഹാറിലെ ജാതി സെന്‍സസ് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്.






