
ന്യൂഡല്‍ഹി : സ്വവർഗ വിവാഹത്തെ നിയമ വിധേയമാക്കുന്നതിനെ എതിർത്ത് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ. സ്വവർഗ്ഗ പങ്കാളികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അനുവാദം നൽകാനാവില്ലെന്നും കമ്മീഷൻ അറിയിച്ചു. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ നേരത്തെ ന്യൂനപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു.
സ്വവർഗ വിവാഹം എന്നത് നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിൻ്റെ കാഴ്ച്ചപ്പാട് എന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു. സാമൂഹിക സ്വീകാര്യതയ്ക്ക് വേണ്ടി മാത്രം പറയുന്നതാണിത്. ഹർജികൾ നിലനിൽക്കുമോ എന്ന് കോടതി ആദ്യം പരിശോധിക്കണം. ഇതിൽ തീരുമാനം എടുക്കേണ്ടത് നിയമനിർമാണ സഭകളാണ്. രാജ്യത്തെ മതവിഭാഗങ്ങളെ അടക്കം കണക്കിലെടുത്തേ ഈ വിഷയത്തിൽ സർക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു.
സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിക്കാനിരിക്കെ ഹര്‍ജിയിലെ വാദത്തിന് എതിര്‍പ്പുമായി ന്യൂനപക്ഷ സംഘടനകൾ. ഇത് സംബന്ധിച്ച് രാഷ്ട്രപതി മുതൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വരെ വിവിധ സംഘടനകൾ കത്തയച്ചു. ചിഷ്തി മൻസിൽ സൂഫി ഖാൻഖ, ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ, അഖിലേന്ത്യ പാസ്മണ്ട മുസ്ലീം മഹാജ്, ദി കമ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ തുടങ്ങിയ സംഘടനകളാണ് കത്തയച്ചിരിക്കുന്നത്.
സ്ത്രീയെയും പുരുഷനെയുമാണ് കുടുംബഘടനയുടെ ഭാഗമായി കാണുന്നത്. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്നത് വിവാഹമെന്ന് സംവിധാനത്തിന് തന്നെ പ്രഹരമേൽപ്പിക്കും. വിവാഹം എന്നാൽ ലൈംഗികസുഖം നേടാൻ മാത്രമുള്ളതല്ല, ഭാവിയിലെ സാമൂഹിക ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇന്ത്യൻ പൊതുസമൂഹത്തിന്റെയും മതങ്ങളുടെയും സംസ്കാരത്തിനും വികാരത്തിനും വിരുദ്ധമാണ് സ്വവർഗരതിയെന്നും അതുകൊണ്ടുതന്നെ ഹര്‍ജി തള്ളണമെന്നും അഖിലേന്ത്യ പാസ്മണ്ട മുസ്ലീം മഹാജ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിൽ പറയുന്നു.






