
കൊച്ചി: എലത്തൂരില്‍ ട്രെയിനില്‍ തീവച്ച കേസില്‍ എന്‍ഐഎ അന്വേഷണത്തിന് നീക്കം തുടങ്ങി. പ്രതിയുടെ സംസ്ഥാനാന്തര ബന്ധവും തീവ്രവാദ ബന്ധവും അന്വേഷിക്കുന്നതിനാണ് കേന്ദ്ര ഏജന്‍സി എത്തുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ര്ാലയം ഉടന്‍ വിജ്ഞാപനം ഇറക്കും.
എലത്തൂര്‍ തീവയ്പ് കേസ് എന്‍ഐഎയ്ക്കു വിട്ടുനല്‍കാന്‍ സംസ്ഥാനം ആദ്യഘട്ടത്തില്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പ്രതിയായ ഷാരുഖ് സെയ്ഫ തീവ്ര ചിന്തകളും ആശയങ്ങളും പ്രകടിപ്പിച്ചിരുന്നതായി ബോധ്യപ്പെട്ടതോടെ ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തുകയായിരുന്നു. ഇതോടെ എന്‍ഐഎ അന്വേഷണം ഏറ്റെടുക്കല്‍ എളുപ്പമായി.
പ്രതി ഡല്‍ഹി സ്വദേശിയാണെങ്കിലും ജോലി ചെയ്തിരുന്നത് ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലായിരുന്നു. പിടിയിലായതാകട്ടെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നും. ഡല്‍ഹി സ്വദേശി ആക്രമണം നടത്താന്‍ കേരളവും കോഴിക്കോടും തിരഞ്ഞെടുക്കാനുള്ള സാഹചര്യവും പരിശോധിക്കേണ്ടതുണ്ട്. പല സംസ്ഥാനങ്ങളിലും അന്വേഷണം ആവശ്യമായതിനാല്‍ കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമാവില്ലെന്ന് നേരത്തെ മുതല്‍ ആശങ്കയുണ്ടായിരുന്നു.
സംഭവത്തില്‍ ഭീകരബന്ധമുണ്ടെന്നു കൊച്ചി എന്‍.ഐ.എ. ബ്രാഞ്ച് എന്‍.ഐ.എ. ഹെഡ്ക്വാര്‍ട്ടേഴ്സിന് കഴിഞ്ഞ 13 നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണു കേസില്‍ യു.എ.പി.എ വകുപ്പ് ചേര്‍ത്തുന്നത്. ഐ.പി.സി 307,326 എ, 436,438, റെയില്‍വേ ആക്ട് 151 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസില്‍ എഫ്.ഐ.ആര്. ചുമത്തിയിരുന്നത്. കേസ് എന്‍.ഐ.എ. ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും.






