
ന്യൂഡല്‍ഹി : കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപിയുടെ അഴിമതി ചോദ്യം ചെയ്യുന്നത് എങ്ങനെയാണ് പാർട്ടി വിരുദ്ധമാകുന്നത് എന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ ചോദ്യം. പറഞ്ഞത് ചെയ്യുന്നവരാണ് കോൺഗ്രസ് എന്ന് ജനങ്ങൾ മനസ്സിലാക്കണമെങ്കിൽ അഴിമതിക്കെതിരെ നടപടി വേണം.ആറ് മാസം മാത്രമാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. പ്രതിഷേധം സംഘടിപ്പിച്ചതിന് വിശദീകരണം തേടിയുള്ള നോട്ടീസ് അത്ഭുതപ്പെടുത്തുന്നതെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു.
ബിജെപിയുടെ അഴിമതിക്കെതിരെ നാല് വർഷമായിട്ടും നടപടിയെടുക്കാത്തതിനെതിരെയാണ് സച്ചിൻ പൈലറ്റ് ഏകദിന ഉപവാസം നടത്തിയത്. നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണ് രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രണ്‍ധാവ ആവശ്യപ്പെട്ടിരുന്നത്.
സ്വന്തം സർക്കാരിനെതിരേ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്നും പൊതുജനമധ്യത്തിലും മാധ്യമങ്ങളിലുമല്ലെന്നും രാജസ്ഥാന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി സുഖ്ജീന്ദർ സിങ് രൺധാവ പറഞ്ഞു. സച്ചിൻ പൈലറ്റിനെ ചർച്ചയ്ക്ക് ക്ഷണിക്കുന്നതായും രൺധാവ വ്യക്തമാക്കി.ഇതിനിടെ, പ്രശ്നപരിഹാരത്തിനായി മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ഹൈക്കമാന്റ് നിയോഗിക്കുകയും ചെയ്തിരുന്നു.
45,000 കോടിയുടെ ഖനി കുംഭകോണത്തിനെതിരെ അന്വേഷണം നടത്തിയില്ല. വാഗ്ദാനങ്ങൾ പാലിക്കാതെ ജനങ്ങളെ സമീപിക്കാനാകില്ലെന്നുമാണ് സച്ചിൻ പൈലറ്റിന്റെ നിലപാട്.2018 തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെ കർശന നടപടി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ അഞ്ചു വർഷം പിന്നിട്ടിട്ടും ഒന്നും ചെയ്തില്ലെന്ന് സച്ചിൻ ആരോപിക്കുന്നു.






